ലഹരി ഉപയോഗം: സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി റബാദ, ടൈറ്റൻസിനായി ഇന്നിറങ്ങിയേക്കും
text_fieldsകഗിസോ റബാദ
മുംബൈ: ലഹരിമരുന്ന് ഉപയോഗിച്ചതിന് ക്രിക്കറ്റിൽനിന്ന് ഒരുമാസത്തെ സസ്പെൻഷൻ നേരിട്ട ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ ഐ.പി.എല്ലിൽ തിരിച്ചെത്തുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം ഇറങ്ങിയേക്കുമെന്ന് ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ വിക്രം സോളങ്കി കഴിഞ്ഞ ദിവസം അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലീഗായ എസ്.എ20 ടൂർണമെന്റിനിടെയാണ് റബാദ ലഹരി ഉപയോഗിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഏപ്രിൽ ആദ്യ വാരം ഒരു മാസത്തെ സസ്പെൻഷൻ വിധിച്ചതോടെ താരം ഐ.പി.എൽ ക്യാമ്പിൽനിന്ന് തിരികെ മടങ്ങുകയായിരുന്നു.
“മുംബൈക്കെതിരായ മത്സരത്തിന് റബാദ ഉണ്ടായിരിക്കും. സസ്പെൻഷനുമായി ബന്ധപ്പെട്ട കാര്യത്തിൽ അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായും അതിൽ ഖേദമുണ്ടെന്നും റബാദ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം ഇഷ്ടപ്പെടുന്ന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിനെ പോസിറ്റീവായി കാണുന്നു. ശിക്ഷ 30 ദിവസത്തേക്ക് മതിയോ എന്ന കാര്യത്തിൽ അതുമായി ബന്ധപ്പെട്ട ബോർഡാണ് തീരുമാനിക്കേണ്ടത്. സ്വയം തിരുത്തി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ ടൈറ്റൻസ് അംഗീകരിക്കുകയാണ്” - വിക്രം സോളങ്കി പറഞ്ഞു.
നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ റബാദ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെന്നായിരുന്നു ടീം അറിയിച്ചിരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണ് മുന്നോടിയായി 10.75 കോടി രൂപക്കാണ് ദക്ഷിണാഫ്രിക്കൻ പേസറെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിലെത്തിച്ചത്. സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ താരം, രണ്ട് വിക്കറ്റാണ് നേടിയത്. ഏപ്രിൽ മൂന്നിനാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. എസ്.എ20 ടൂർണമെന്റിൽ എം.ഐ കോപ്ടൗണിന്റെ താരമാണ് ദബാദ. സസ്പെൻഷൻ നേരിട്ടതായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി റബാദ തന്നെയാണ് വ്യക്തമാക്കിയത്.
“നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചതുപോലെ, ഐ.പി.എൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു. എന്നാലിത് ഞാൻ വിനോദത്തിനായി ഒരു ലഹരിമരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയത് കാരണമായിരുന്നു. നിലവിൽ ഞാൻ സസ്പെൻഷനിലാണ്. സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. ആരാധകരോട് മാപ്പ് പറയുകയാണ്. എനിക്ക് ഒറ്റക്ക് ഈ സാഹചര്യം നേരിടാനാകില്ല. പിന്തുണച്ച ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനോടും ഗുജറാത്ത് ടൈറ്റൻസിനോടും നന്ദി അറിയിക്കുകയാണ്” -റബാദ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

