Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗില്ലിന് സെഞ്ച്വറി; രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

text_fields
bookmark_border
രണ്ടാം ക്വാളിഫയറിലെ ജയം ഏഴ് വിക്കറ്റിന്
ഗില്ലിന് സെഞ്ച്വറി; രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ
cancel

ന്യൂചണ്ഡീഗഡ്: വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്. രണ്ടാം രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്താണ് ഗുജറാത്ത് ടൈറ്റൻസ് കലാശപോരിന് അർഹതനേടിയത്. രാജസ്ഥാൻ ഉയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെയും (53 പന്തിൽ 104) സായ് സുദർശന്റെ (32 പന്തിൽ 58) അർധസെഞ്ചുറിയുടെയും കരുത്തിൽ 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് അനായാസം മറികടന്നു. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.

ഗിൽ-സായ് റെക്കോർഡ് കൂട്ടുകെട്ട്

ബാറ്റിങ് അത്ര അനായാസമല്ലാതിരുന്ന പിച്ചിൽ ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവർ മുതൽ ഗുജറാത്ത് ഓപ്പണർമാർ തകർത്തടിച്ചു. ആർച്ചറുടെ ആദ്യ ഓവറിൽ തന്നെ 19 റൺസാണ് സായ് സുദർശൻ അടിച്ചെടുത്തത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസെടുത്ത ഗുജറാത്തിനായി ഗിൽ 30 പന്തിൽ ഫിഫ്റ്റി തികച്ചു. രവീന്ദ്ര ജഡേജയുടെ ഓവറിലും 19 റൺസ് അടിച്ചുകൂട്ടിയ ഇരുവരും പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് (12.5 ഓവറിൽ 168 റൺസ്) പടുത്തുയർത്തിയത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോർഡും ഈ സഖ്യം സ്വന്തമാക്കി. 26 പന്തിൽ അർധസെഞ്ചുറി തികച്ച സായ് സുദർശൻ (58) ടീം സ്കോർ 150 കടന്നതിന് പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും നിർഭാഗ്യകരമായി 'ഹിറ്റ് വിക്കറ്റായി' മടങ്ങി.

അഞ്ചാം സെഞ്ചുറിയുമായി ക്യാപ്റ്റൻ ഗിൽ

സായ് മടങ്ങിയെങ്കിലും തളരാതെ പോരാടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഐ.പി.എൽ കരിയറിലെ തന്റെ അഞ്ചാം സെഞ്ചുറി തികച്ചു. 47 പന്തിൽ മൂന്നക്കം കടന്ന ഗിൽ 15 ഫോറുകളും 3 സിക്സറുകളുമടക്കം 104 റൺസെടുത്താണ് പുറത്തായത്. സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെ ആർച്ചർ വീഴ്ത്തിയെങ്കിലും വാഷിംഗ്ടൺ സുന്ദറിനെ (16) നഷ്ടപ്പെടുത്തി ജോസ് ബട്‌ലറും (9*) രാഹുൽ തെവാട്ടിയയും (17*) ചേർന്ന് ഒമ്പത് പന്ത് ബാക്കിനിൽക്കെ ഗുജറാത്തിന്റെ ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, 96 റൺസെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും അവസാന ഓവറിൽ റാഷിദ് ഖാനെതിരെ സിക്സർ മഴ പെയ്യിച്ച ഡൊണോവൻ ഫെരേരയുടെയും (38*) മികവിലാണ് 214 റൺസെടുത്തത്. എന്നാൽ പ്ലേഓഫ് മത്സരങ്ങളിൽ രാജസ്ഥാനെതിരെ തങ്ങൾക്കുള്ള അപ്രമാദിത്യം ഗുജറാത്ത് ഒരിക്കൽക്കൂടി തെളിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GT vs RR Qualifier 2: Gill's Magnificent 104 Powers Gujarat Titans into IPL 2026 Final
Next Story