മഴ വില്ലനായി; ഐ.പി.എൽ ഫൈനൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
text_fieldsഅഹ്മദാബാദ്: മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടത്താനിരുന്ന ഐ.പി.എല്ലിലെ ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിങ്സ് ഫൈനൽ മത്സരം മഴ കാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി. ടോസിന് മുമ്പ് തന്നെ കനത്ത മഴയും മിന്നലുമെത്തിയതോടെ കളി വൈകുകയായിരുന്നു. രാത്രി വൈകിയും മത്സരം തുടങ്ങാൻ കഴിയാതിരുന്നതോടെയാണ് മാറ്റിയത്. റിസർവ് ദിനത്തിലും കാലാവസ്ഥ തീർത്തും പ്രതികൂലമായാൽ ലീഗ് റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിനെ ജേതാക്കളായി പ്രഖ്യാപിക്കും. ഐ.പി.എൽ ചരിത്രത്തിലാദ്യമായാണ് മഴ മൂലം ഫൈനൽ മാറ്റിവെക്കുന്നത്.
രാത്രി 7.30ന് തുടങ്ങേണ്ട കളി 9.40നെങ്കിലും ആരംഭിക്കാനായിരുന്നെങ്കിൽ 20 ഓവർ മത്സരംതന്നെ നടത്താമായിരുന്നു. ഇടക്ക് മഴ കുറഞ്ഞത് പ്രതീക്ഷ നൽകി. എന്നാൽ, 9.30ന് കളി പുനരാരംഭിക്കാൻ ശ്രമിക്കവേ വീണ്ടും കാലാവസ്ഥ പ്രതികൂലമായി. 9.45നെങ്കിൽ 19 ഓവർ, 10ന് 17 ഓവർ, 10.15ന് 15 ഓവർ എന്നിങ്ങനെയാക്കി മത്സരം നടത്താമെന്നാണ് ഐ.പി.എൽ നിയമം. അർധരാത്രി 12ന് അപ്പുറത്തേക്ക് നീണ്ടാൽ അഞ്ച് ഓവർ കളി, സൂപ്പർ ഓവർ തുടങ്ങിയ സാധ്യതകളും പരിഗണിക്കാം. റിസർവ് ദിനത്തിലും സമാന സ്ഥിതി തുടർന്നാൽ ലീഗ് റൗണ്ടിലെ പ്രകടനം നോക്കി കിരീട ജേതാക്കളെ പ്രഖ്യാപിക്കാമെന്നാണ് നിയമം. ലീഗിലെ 14ൽ 10 മത്സരങ്ങളും ജയിച്ച് 20 പോയന്റുമായി ഗുജറാത്താണ് ഒന്നാമത്. 17 പോയന്റ് നേടി ചെന്നൈ രണ്ടാം സ്ഥാനത്തും.