ഐ.പി.എൽ 2026: മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കും
text_fieldsമുംബൈ: വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 19-ാം സീസണിന്റെ മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാൻ ഗവേണിംഗ് കൗൺസിൽ തീരുമാനം. തിങ്കളാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇതിന് അംഗീകാരം നൽകിയത്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളായി പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ട മത്സരക്രമം മാർച്ച് 6 അല്ലെങ്കിൽ 7ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ബി.സി.സി.ഐ. ഇക്കാരണത്താലാണ് ഫിക്സ്ചറുകൾ അന്തിമമാക്കുന്നതിൽ കാലതാമസം നേരിട്ടത്. മുൻ തെരഞ്ഞെടുപ്പ് വർഷങ്ങളിലെ പോലെ തന്നെ, ആദ്യ 13-14 ദിവസങ്ങളിലെ മത്സരക്രമമാകും ആദ്യ ഘട്ടത്തിൽ പുറത്തുവിടുക. നേരത്തെ മാർച്ച് 26 ന് ഐ.പി.എൽ ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും, പുതിയ വിവരങ്ങൾ അനുസരിച്ച് മാർച്ച് 28 നും 29 നും ഇടയിലാകും ടൂർണമെന്റിന് തുടക്കം കുറിക്കുക. മെയ് 31 നാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാകും ഉദ്ഘാടന മത്സരത്തിനിറങ്ങുക. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാകും ആദ്യ മത്സരം നടക്കുകയെങ്കിലും എതിരാളികൾ ആരായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ഉദ്ഘാടന മത്സരത്തിന് പുറമെ ടൂർണമെന്റിലെ ഒരു പ്ലേ ഓഫ് മത്സരത്തിനും, ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് മേനോൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ ആർ.സി.ബിയുടെ വിജയയാത്രക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തെത്തുടർന്ന്, സ്റ്റേഡിയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ഇവിടെ നടക്കേണ്ടിയിരുന്ന പല സുപ്രധാന മത്സരങ്ങളും മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, തങ്ങളുടെ 7 ഹോം മത്സരങ്ങളിൽ 5 എണ്ണവും ചിന്നസ്വാമിയിൽ തന്നെ കളിക്കുമെന്ന് ആർ.സി.ബി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ബാക്കി രണ്ട് ഹോം മത്സരങ്ങൾ റായ്പൂരിലാകും നടക്കുക. ചിന്നസ്വാമി സ്റ്റേഡിയം ഞങ്ങളുടെ ഹോം ഗ്രൗണ്ട് മാത്രമല്ല, ഞങ്ങളുടെ ടീമിന്റെ ഐഡന്റിറ്റി ശരിക്കും ജീവൻ വെക്കുന്നത് അവിടെയാണ്. സർക്കാരുമായി നടത്തിയ വിശദമായ ചർച്ചകൾക്കും അനുമതികൾക്കും ശേഷമാണ് 5 മത്സരങ്ങൾ ബംഗളൂരുവിൽ തന്നെ നടത്താൻ തീരുമാനിച്ചത്," ആർ.സി.ബി ഫ്രാഞ്ചൈസി സി.ഇ.ഒ രാജേഷ് മേനോൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

