ഐ.പി.എൽ താരലേലം ഇന്ത്യയിലേക്ക്; വേദിയായി ഗോവ, തീയതി പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 2027 സീസണിലേക്കുള്ള താരലേലത്തിന് ഗോവ വേദിയാകും. ഡിസംബർ പകുതിയോടെ ലേലം നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലും വിദേശരാജ്യങ്ങളിൽ വെച്ച് നടന്ന ഐ.പി.എൽ ലേലം ഇതോടെ വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തുകയാണ്.
ഡിസംബർ 15, 16 തീയതികളിലാവും ലേലം നടക്കുകയെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ ധുമൽ അറിയിച്ചു. ഇത്തവണ മിനി ലേലമായതിനാൽ ഒറ്റദിവസം കൊണ്ട് നടപടികൾ പൂർത്തിയാകും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ദുബായ്, ജിദ്ദ, അബുദാബി എന്നിവിടങ്ങളിലായിരുന്നു ലേലം സംഘടിപ്പിച്ചിരുന്നത്. ഇന്ത്യയിൽ വിവാഹ സീസൺ ആയതിനാൽ സൗകര്യപ്രദമായ വേദികൾ ലഭിക്കാത്തതിനാലാണ് മുൻ വർഷങ്ങളിൽ ലേലം വിദേശത്തേക്ക് മാറ്റേണ്ടി വന്നതെന്നും, ഇത്തവണ ഇന്ത്യയിൽ തന്നെ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
'ഇംപാക്ട് പ്ലെയർ' നിയമത്തിൽ ഭിന്നത
താരലേല തീരുമാനത്തിന് പുറമെ, ഏറെ വിവാദമായ 'ഇംപാക്ട് പ്ലെയർ' നിയമത്തെക്കുറിച്ചും ബി.സി.സി.ഐ ഭരണസമിതി യോഗത്തിൽ ചർച്ചകൾ നടന്നു. മത്സരത്തിന്റെ ഏത് ഘട്ടത്തിലും പകരക്കാരനെ ഇറക്കാൻ ടീമുകൾക്ക് അനുവാദം നൽകുന്ന ഈ നിയമം ഓൾറൗണ്ടർമാരുടെ പ്രാധാന്യം കുറയ്ക്കുന്നുവെന്നാണ് പ്രധാന വിമർശനം.
ഇന്ത്യൻ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ നിയമത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഭൂരിഭാഗം ടീം ക്യാപ്റ്റൻമാരും ഈ നിയമം ഒഴിവാക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ എ - ആസ്ട്രേലിയ എ മത്സരം മൊഹാലിയിലേക്ക് മാറ്റി
അതിനിടെ, ധരംശാലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ നടക്കേണ്ട ഇന്ത്യ എ - ആസ്ട്രേലിയ എ വനിതാ ടീമുകളുടെ മൾട്ടി-ഡേ മത്സരം മൊഹാലിയിലെ പി.സി.എ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലേക്ക് മാറ്റി. മൈതാനം മത്സരസജ്ജമല്ലാത്തതിനാലും മോശം കാലാവസ്ഥ കാരണവുമാണ് ബി.സി.സി.ഐ മത്സരം മാറ്റാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

