തുള്ളിച്ചാടി ഗവാസ്കർ! ഇന്ത്യൻ വിജയം കൊച്ചുകുട്ടിയെ പോലെ ആഘോഷിച്ച് ഇതിഹാസ താരം
text_fields11 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. നാല് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിനെ ഇന്ത്യ തകർത്തത്. ന്യൂസിലാൻഡ് ഉയർത്തിയ 252 വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയത്തിന് ശേഷം ഇന്ത്യൻ ആരാധകർ ക്രിക്കറ്റ് താരങ്ങളെല്ലാം തന്നെ മതിമറന്ന് ആഘോഷിച്ചിരുന്നു.
ഇതിനിടയിലാണ് മുൻ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്കറുടെ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ ഗവാസ്കർക്ക് തന്‍റെ സന്തോഷം മറച്ചുവയ്ക്കാനായില്ല. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഗവാസ്കർ തുള്ളിച്ചാടുന്ന വീഡിയോയാണ് വൈറലാകുന്നത്.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാണ് ഗവാസ്കർ ചുവടുവെക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അദ്ദേഹത്തിന്‍റെ ആഹ്ലാദ പ്രകടന കണ്ട് റോബിന്‍ ഉത്തപ്പയും സ്പോർട്സ് അവതാരക മായന്തി ലാംഗറും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. 75കാരനായ ഗവാസ്കറുടെ വൈറല്‍ ഡാന്‍സ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴും കുട്ടിയാണ് എന്ന ക്യാപ്ഷനോടെയാണ് സ്റ്റാർ സ്പോർട്സ് വീഡിയോ പങ്കുവെച്ചത്.
വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നിൽ നിന്ന് നയിച്ച നാകയൻ രോഹിത് ശർമയാണ് (76) ഇന്ത്യയുടെ വിജയ ശിൽപി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
76 റൺസ് നേടിയ നായകൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമാണ് ഇന്ത്യൻ വിജയത്തിന് കരുത്തേകിയത്.
ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ്. 12വർഷം മുൻപ് 2013ലാണ് ഇന്ത്യ ഇതിന് മുൻപ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2002ലാണ് ആദ്യത്തെ കിരീടം. രണ്ട് ലോകകപ്പ് കിരീടങ്ങൾ (1983,2011) ഉൾപ്പെടെ ഏകദിനത്തിൽ ഇന്ത്യ ഉയർത്തുന്ന അഞ്ചാമത്തെ വിശ്വകിരീടം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

