സഞ്ജുവിന്റെ ഈ മനോഭാവം മാറ്റണമെന്ന് ശ്രീശാന്ത്
text_fieldsമുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുസാംസൺ ഇപ്പോൾ തുടരുന്ന മനോഭാവം മാറ്റണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളി ക്രിക്കറ്ററുമായ എസ്.ശ്രീശാന്ത്. സുനിൽ ഗവാസ്കർ സാറിനെ പോലുള്ള ഇതിഹാസ ക്രിക്കറ്ററെ പോലും മുഖവിലക്കെടുക്കാത്തത് നല്ല ശീലമല്ലെന്നും ശ്രീശാന്ത് സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ പറഞ്ഞു.
'ഗവാസ്കർ സർ സഞ്ജുവിനെ ഉപദേശിച്ചിരുന്നു, "നിങ്ങൾ 10 പന്തെങ്കിലും പിടിച്ചുനിൽക്കൂ. നിങ്ങൾക്ക് ഒരുപാട് കഴിവുകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾ12 പന്തിൽ 0 റൺസെടുത്താലും ശേഷമുള്ള 25 പന്തിൽ 50 റൺസ് സ്കോർ ചെയ്യാം."
എന്നാൽ "തന്റെ ശൈലി ഇങ്ങനെയാണ്, ഇങ്ങനെ മാത്രമേ കളിക്കാനാകൂവെന്നായിരുന്നു" സഞ്ജുവിന്റെ മറുപടി. അത് അംഗീകരിക്കാൻ കഴിയില്ലെന്നും മനോഭാവത്തിൽ മാറ്റം വരുത്താൻ തയാറാകണമെന്നും ശ്രീശാന്ത് സഞ്ജുവിനെ ഉപദേശിച്ചു.
'അണ്ടർ-14-ൽ എന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചുവളർന്നയാളാണ് സഞ്ജു, അത് കൊണ്ട് എന്നും അവന്റെ കൂടെ തന്നെയാണ്. കാണുമ്പോഴെല്ലാം പറയാറുണ്ട്. ഐ.പി.എല്ലിൽ മാത്രമല്ല, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ, ഇഷാൻ കിഷനും റിഷഭ് പന്തുമല്ലാം ഇപ്പോഴും സഞ്ജുവിന്റെ മുകളിലാണ്, പന്ത് ഉടൻ കളിക്കളത്തിൽ തിരിച്ചെത്തുമെന്നും' ശ്രീശാന്ത് പറഞ്ഞു.
ഐ.പി.എൽ ഈ സീസണിൽ പ്ലേഓഫ് നേടാനാവാതെ അവസാന നിമിഷം പുറത്തായ ടീമാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീണണിൽ റണ്ണറപ്പായ അവർ ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അവസാനത്തെ തുടർ തോൽവികൾ വിനയായി. 14 മത്സരങ്ങളിൽ നിന്ന് 362 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.