'ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജുവാണ്, ലോകകപ്പിൽ ആദ്യ നാലിൽ ഇറങ്ങണം!'; ചർച്ചയായി ഗംഭീറിന്‍റെ പഴയ ട്വീറ്റ്
text_fieldsചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്കോഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്കോഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. യുവതാരം യശ്വസ്വി ജയ്സ്വാൾ ടീമിലെത്തിയപ്പോൾ പേസ് ബൗളിങ് നിരയിൽ നിന്നും മുഹമ്മദ് സിറാജ് പുറത്തുപോയി. അർഷ്ദീപ് സിങ്ങാണ് സിറാജിന് പകരം 15 അംഗ ടീമിൽ ഇടം നേടിയത്
മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. ഏകദിന ക്രിക്കറ്റിൽ മോശമല്ലാത്ത ബാറ്റിങ് റെക്കോഡുണ്ടായിട്ടും 15 അംഗ സ്കോഡിൽ പോലും അദ്ദേഹത്തിന് അവസരമില്ല. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർമാരായി ടീമിലിടം നേടിയത്. ഇതോടെ സഞ്ജുവിന് ടീമിലേക്കുള്ള വഴിയടഞ്ഞു. ഇത് കൂടാതെ വിജയ് ഹാസരെ ട്രോഫിയിൽ കളിക്കാത്തതിനെ തുടർന്ന് കെ.സി.എയുമായി ചുറ്റിപറ്റി നിൽക്കുന്ന മറ്റ് പ്രശ്നങ്ങൾ വേറെയും.
സഞ്ജുവിന് പകരം പന്ത് എത്തിയതിന് പിന്നാലെ ഇന്ത്യൻ ടീമിന്‍റെ കോച്ച് ഗൗതം ഗംഭീറിന്‍റെ പഴയ ട്വീറ്റ് വീണ്ടും ചർച്ചയാകുകയായണ്. സഞ്ജു സാംസണാണ് നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററെന്നാണ് ഗംഭീറിന്‍റെ ട്വീറ്റ്. 2019 ലോകകപ്പിന് മുന്നെയാണ് ഗംഭീർ ഇക്കാര്യം ട്വീറ്റ് ചെയ്തത്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കണമെന്നും ഗംഭീർ അന്ന് ട്വീറ്റ് ചെയ്തിരുന്നു.
'ഞാൻ പൊതുവെ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല. എന്നാൽ സഞ്ജുവിന്‍റെ സ്കിൽസ് കണ്ടിട്ട് പറയാതിരിക്കാൻ വയ്യ. ഇന്ത്യയിലെ നില വിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ അവനാണ്. ലോകകപ്പിൽ അവൻ ആദ്യ നാല് സ്ഥാനങ്ങളിൽ കളിക്കണമെന്നാണ് എന്‍റെ ആഗ്രഹം,' എന്നായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്. എന്നാൽ ഇന്ന് ടീമിന്‍റെ പ്രധാന കോച്ചായിട്ടും ഗംഭീറിന് സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധിക്കുന്നില്ലെന്ന് ആരാധകർ വിമർശിക്കുന്നു. അവസാനമായി കളിച്ച ഏകദിന ക്രിക്കറ്റിൽ സഞ്ജു സെഞ്ച്വറി നേടിയിട്ടും സഞജുവിനെ റിസർവ്സിൽ പോലും ഉൾപ്പെടുത്താൻ ടീം മുതിരാത്തതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഇത് കൂടാതെ ഒരുപാട് അവസരങ്ങളിൽ സഞ്ജുവിന് വേണ്ടി ഗംഭീർ വാദിച്ചിട്ടുണ്. സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്‍റെ അല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നഷ്ടമാണെന്ന് ഗംഭീർ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമൊഴികെ എല്ലാവരും താരത്തെ പ്ലെയിങ് ഇലവനിൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും ഗംഭീറിന്‍റെ ട്വീറ്റുണ്ട്.
2023 ഡിസംബറിലായിരുന്നു സഞ്ജു അവസാനമായി ഏകദിനത്തിൽ കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിൽ കളിച്ച താരം സെഞ്ച്വറി തികച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന അഞ്ച് ട്വന്‍റി 20 മത്സരത്തിൽ മൂന്നെണ്ണത്തിലും സെഞ്ച്വറിയടിച്ച് മികച്ച് ഫോമിലാണ് താരം നിൽക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം- - രോഹിത് ശർമ (നായകൻ), ശുഭ്‌മൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

