'ഞാൻ പോവാ....' വിജയത്തിന് ശേഷം നൃത്തം ചെയ്യാൻ പറഞ്ഞപ്പോൾ ഗംഭീറിന്‍റെ കിടിലൻ മറുപടി-Video
text_fieldsകഴിഞ്ഞ വർഷം നേടിയ ട്വന്‍റി-20 ലോകകപ്പിന് ശേഷം ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ടീം മറ്റൊരു ഐ.സി.സി ട്രോഫിയിൽ കൂടി മുത്തമിട്ടിരിക്കുകയാണ്. ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീമിന്‍റെ കിരീട നേട്ടം. ഇന്ത്യൻ താരങ്ങളും ആരാധകരുമെല്ലാം കിരീട നേട്ടം നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു.
മത്സരത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനോട് മത്സര സംപ്രേക്ഷണ അംഗവും മുൻ ഇന്ത്യൻ താരവുമായ നവ്ജോത് സിദ്ധു നൃത്തം ചെയ്യാൻ പറയുന്നുണ്ട്. എന്നാൽ ഇതിന് വളരെ രസകരമായാണ് ഗംഭീർ മറുപടി നൽകുന്നത്. മത്സരത്തിന് ശേഷം നടന്ന പ്രസന്‍റേഷനിടിലാണ് ഗൗരവക്കാരനായ ഗംഭീറിനോട് സിദ്ധു ചുവടുകൾ കാണിക്കാൻ പറയുന്നത്. എന്നാൽ 'ഞാൻ പോകുകയാണ്' എന്നാണ് മറുപടി നൽകിയത്. എങ്കിൽ കൂടിയും ചെറുതായി ഒരു ചുവട് വെച്ച് ഗംഭീർ സിദ്ധുവും കൂടെ ഉണ്ടായിരുന്ന ആകാശ് ചോപ്രയുടെയൊപ്പവും ഇന്ത്യൻ വിജയം ആഘോഷിച്ചു.
നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം . വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നിൽ നിന്ന് നയിച്ച നാകയൻ രോഹിത് ശർമയാണ് (76) ഇന്ത്യയുടെ വിജയ ശിൽപി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
76 റൺസ് നേടിയ നായകൻ രോഹിത് ശർമയും 48 റൺസെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമാണ് ഇന്ത്യൻ വിജയത്തിന് കരുത്തേകിയത്.
ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ്. 12വർഷം മുൻപ് 2013ലാണ് ഇന്ത്യ ഇതിന് മുൻപ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2002ലാണ് ആദ്യത്തെ കിരീടം. രണ്ട് ലോകകപ്പ് കിരീടങ്ങൾ (1983,2011) ഉൾപ്പെടെ ഏകദിനത്തിൽ ഇന്ത്യ ഉയർത്തുന്ന അഞ്ചാമത്തെ വിശ്വകിരീടം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

