മറ്റൊരു കപിൽ ദേവിനെ രൂപപ്പെടുത്താനുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രമം വെറുതെയെന്ന് ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റും ദേശീയ ക്രിക്കറ്റ് ടീമും താരങ്ങളെ വളർത്തിയെടുക്കാനുള്ള വേദിയല്ലെന്നും മറ്റൊരു കപിൽ ദേവിനെ രൂപപ്പെടുത്താനുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രമം വെറുതെയാണെന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എം.പി. രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര തലത്തിലെ ടൂർണമെന്റുകളിലൂടെ വളർത്തിയെടുത്ത താരങ്ങൾക്ക് പഠിച്ചത് പുറത്തെടുക്കാനുള്ള വേദിയാണ് രാജ്യാന്തര ക്രിക്കറ്റ്. താരങ്ങളെ ദേശീയ ടീമിലെത്തിച്ച ശേഷമല്ല വളർത്താൻ നോക്കേണ്ടതെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
ഓൾറൗണ്ടർമാരെ കണ്ടെത്താനുള്ള ടീം ഇന്ത്യയുടെ ശ്രമങ്ങളെ പരാമർശിച്ച് 'സ്പോർട്സ് ടുഡേ'യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കപിൽ ദേവിനു ശേഷം നല്ലൊരു ഓൾറൗണ്ടറില്ലെന്ന് സങ്കടപ്പെടുന്നവരാണ് നമ്മൾ. നിങ്ങളുടെ കൈവശം എന്തെങ്കിലുമൊന്ന് ഇല്ലെങ്കിൽ അത് അംഗീകരിക്കുകയാണ് വേണ്ടത്. രഞ്ജി ട്രോഫിയിലും മറ്റുമായി താരങ്ങളെ വളർത്തെയെടുക്കാൻ ശ്രമിക്കണം. ആഭ്യന്തര തലത്തിൽ കളിച്ച് തെളിഞ്ഞെന്ന് ബോധ്യപ്പെട്ടവരെയാണ് ദേശീയ ടീമിൽ ഉൾപ്പെടുത്തുണ്ടേത്. താരങ്ങളെ ദേശീയ ടീമിലെത്തിച്ചശേഷമല്ല വളർത്താൻ നോക്കേണ്ടത്. സാധ്യമല്ലാത്ത ഒന്നിനെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് ഇന്ത്യൻ ടീമിന്റെ പ്രശ്നം' – ഗംഭീർ പറഞ്ഞു.
ദേശീയ ടീമിലേക്ക് നല്ലൊരു പേസ് ബോളിങ് ഓൾറൗണ്ടറെ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമം നീളുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ പരാമർശങ്ങൾ. ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഓള്‍റൗണ്ടറായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ പരിക്കും ഫിറ്റ്‌നസ് ഇല്ലായ്മയും താരത്തിന് വിനയായി. ഇക്കഴിഞ്ഞ ടി20 ലോകപ്പില്‍ ഹാര്‍ദിക് കളിച്ചെങ്കിലും ഫോമിലേക്ക് ഉയരാനായില്ല. പിന്നാലെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. പകരമെത്തിയ വെങ്കടേഷ് അയ്യര്‍ക്കും ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ പരീക്ഷിച്ച വെങ്കടേഷ് അയ്യരെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഏകദിന ടീമിൽ മാത്രമാണ് സിലക്ടർമാർ ഉൾപ്പെടുത്തിയത്.