Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വ്യൂസും ലൈക്സുമല്ല, ട്രോഫി നേടുകയാണ് എന്റെ പണി; ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്'; ഗൗതം ഗംഭീർ

text_fields
bookmark_border
വ്യൂസും ലൈക്സുമല്ല, ട്രോഫി നേടുകയാണ് എന്റെ പണി; ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്; ഗൗതം ഗംഭീർ
cancel

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം കടുത്ത പ്രതിസന്ധിയിലാണെന്ന വാദങ്ങളെയും വിമർശനങ്ങളെയും തള്ളി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം ടീം വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ പുതിയൊരു കാതൽ ടീമിൽ രൂപപ്പെട്ടുവരികയാണെന്നും ഗംഭീർ വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കൊളംബോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സമൂഹമാധ്യമങ്ങളിലെ വ്യൂസുകളോ ലൈക്കുകളോ അല്ല, മറിച്ച് ടീമിന് ട്രോഫികൾ നേടിക്കൊടുക്കുക എന്നതാണ് എന്റെ ജോലി. ഞാൻ അതിൽ മാത്രമാണ് വിശ്വസിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. അതാണ് ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം," ഗംഭീർ തുറന്നടിച്ചു.

ടീമിന്റെ റാങ്കിങ്ങിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ഇംഗ്ലണ്ട് പരമ്പര മുതൽ ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. ഈ സമയങ്ങളിൽ നമ്മൾ താരങ്ങളെ പിന്തുണയ്ക്കുകയും കൂടുതൽ അവസരങ്ങൾ നൽകുകയും വേണം. ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനം മാത്രം വിലയിരുത്തി അവരെ ടീമിൽ നിന്ന് പുറത്താക്കുന്ന രീതിയോട് യോജിപ്പില്ലെന്നും പരിശീലകൻ വ്യക്തമാക്കി.

എതിർ ടീമിന്റെ 20 വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ള ഏറ്റവും മികച്ച ബൗളിങ് നിരയെ തന്നെയാകും കളത്തിലിറക്കാൻ ശ്രമിക്കുകയെന്ന് ഗംഭീർ പറഞ്ഞു. കുൽദീപ് യാദവ് മികച്ച സ്പിന്നറാണ്, എന്നാൽ ചില സാഹചര്യങ്ങളിൽ ക്യാപ്റ്റൻ കൂടിയാണ് അന്തിമ തീരുമാനമെടുക്കുക. ആദ്യ ടെസ്റ്റിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ നിറംമങ്ങിയ കുൽദീപിന് പകരം ഓൾറൗണ്ടർ സാരാൻഷ് ജെയിനെ ഇന്ത്യ രണ്ടാം ടെസ്റ്റിൽ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരകളേക്കാൾ മൂന്ന് മത്സരങ്ങളുള്ള പരമ്പരകളോടാണ് തനിക്ക് താല്പര്യമെന്നും ഗംഭീർ വ്യക്തമാക്കി. രണ്ട് ടെസ്റ്റുകൾ മാത്രമുള്ള പരമ്പരയിൽ ആദ്യ കളിയിൽ പരാജയപ്പെട്ടാൽ പിന്നീട് പരമ്പര സമനിലയിലാക്കാൻ മാത്രമേ സാധിക്കൂ. എന്നാൽ മൂന്ന് മത്സരങ്ങളുണ്ടെങ്കിൽ ശക്തമായി തിരിച്ചുവരാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൗതം ഗംഭീർ പരിശീലകനായതിന് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിന, ടി20) മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. 2025ലെ ചാമ്പ്യൻസ് ട്രോഫി, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിന്റെ പേരിൽ ഗംഭീർ വലിയ വിമർശനങ്ങളാണ് നേരിടുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ആർ. അശ്വിൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ വിരമിക്കൽ ടെസ്റ്റ് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്.

സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോടും (3-0), ദക്ഷിണാഫ്രിക്കയോടും (2-0) ഓസ്ട്രേലിയയോടും ഇന്ത്യ പരമ്പര പരാജയങ്ങൾ ഏറ്റുവാങ്ങി. നാട്ടിൽ രണ്ട് ടെസ്റ്റ് പരമ്പരകളിൽ വൈറ്റ്‌വാഷ് നേരിടേണ്ടി വന്ന ഏക ഇന്ത്യൻ കോച്ചെന്ന നാണക്കേടും ഗംഭീറിനുണ്ട്. ഇതോടെ ടെസ്റ്റ് ടീമിന് പ്രത്യേക പരിശീലകനെ നിയമിക്കണമെന്ന ആവശ്യവും ചില മുൻ താരങ്ങൾ മുന്നോട്ടുവെച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ 10 ടെസ്റ്റുകളിൽ നിന്ന് 5 വിജയങ്ങളുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ശ്രീലങ്കക്കെതിരെ ഒന്നാം ടെസ്റ്റിൽ 165 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യക്ക്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി നിർത്താൻ രണ്ടാം ടെസ്റ്റിലെ വിജയം അനിവാര്യമാണ്. ഈ മാസം 23 മുതൽ 27 വരെയാണ് മത്സരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gautam Gambhir: My Job is to Win Trophies, Not Likes
Next Story