സിഡ്നി: തുടർച്ചയായി രണ്ടാം ഏകദിനവും തോറ്റ് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ട നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. തൊട്ടുപിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓപണർ ഗൗതം ഗംഭീർ. ന്യൂബോളിൽ ജസ്പ്രീത് ബൂംറക്ക് രണ്ടോവർ മാത്രം പന്തെറിയാൻ അവസരം നൽകിയ കോഹ്ലിയുടെ നടപടിയാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.
'ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍സി എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരത്തില്‍ ഒരു ബാറ്റിങ് നിരയെ നേരിടുമ്പോള്‍ വിക്കറ്റ് എടുക്കുന്നതിന്‍റെ പ്രധാന്യത്തെക്കുറിച്ചാണ് ഏവരും സംസാരിക്കുന്നത്. അപ്പോൾ നിങ്ങളുടെ പ്രധാന ബൗളര്‍ക്ക് എങ്ങനെ രണ്ട് ഓവര്‍ വരെയുള്ള സ്പെൽ നല്‍കും. സാധാരണ ഏകദിനത്തില്‍ പ്രധാന ബൗളര്‍ക്ക് 4-3-3 എന്നിങ്ങനെ മൂന്ന് സ്പെല്ലായിട്ടാണ് പന്ത് നല്‍കാറുള്ളത്' -മത്സരശേഷം ഇ.എസ്.പി.എൻ ക്രിക്ഇൻഫോ നടത്തിയ പരിപാടിയിൽ ഗംഭീർ പറഞ്ഞു.
'ഇത് ഒരു ട്വൻറി20 മത്സരമല്ല, ന്യൂബോളിൽ മികച്ച ബൗളർക്ക് രണ്ടോവർ മാത്രം നൽകിയ ഇത്തരം ഒരു ക്യാപ്റ്റന്‍സിയെ ഏത് രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇതിന്‍റെ കാരണം എന്താണ് എന്ന് എനിക്ക് അറിയില്ല, പക്ഷെ ഇത് വളരെ മോശം ക്യാപ്റ്റന്‍സിയാണ്' - ഗംഭീർ പറഞ്ഞു.
ആറാം ബൗളറുടെ അഭാവം ഇന്ത്യൻ ടീമിനെ പ്രതികൂലമായി ബാധിക്കുന്നതായി ഗംഭീർ അഭിപ്രായപ്പെട്ടു. വാഷിങ്ടൺ സുന്ദറിനെയോ ശിവം ദുബെയെയോ കളിപ്പിക്കാമായിരുന്നുവെന്നാണ് ഗംഭീറിൻെറ പക്ഷം. ബുധനാഴ്ച കാൻബറയിൽ വെച്ചാണ് പരമ്പരയിലെ അവസാന അങ്കം.