രോഹിത്തിന്‍റെ ക്യാപ്റ്റൻസി മാറ്റിയതിനു പിന്നിൽ ഗംഭീർ; ആരോപണവുമായി മുൻതാരം
text_fieldsമുംബൈ: ഇന്ത്യയുടെ ഏകദിന ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയ തീരുമാനത്തിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് പങ്കുണ്ടെന്ന് മുൻ താരം മനോജ് തിവാരി ആരോപിച്ചു. ഐ.സി.സി ചാമ്പ്യൻസ് ട്രോഫി വിജയിച്ചിട്ടും രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് കടുത്ത തീരുമാനമായിപ്പോയി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അപ്രതീക്ഷിത തീരുമാനം വലിയ ആരാധക രോഷത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഗംഭീറിനെതിരെ ആരോപണവുമായി തിവാരി രംഗത്തുവരുന്നത്.
ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എങ്കിലും, ഇതിന് പിന്നിൽ ഗൗതം ഗംഭീറിന്‍റെ സ്വാധീനമുണ്ടെന്ന് മനോജ് തിവാരി വിശ്വസിക്കുന്നു. “അജിത് അഗാർക്കർ ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണെങ്കിലും, മറ്റൊരാളുടെ തോക്കിലൂടെയാണോ അദ്ദേഹം വെടിവെച്ചത് (മറ്റാരുടെയെങ്കിലും നിർദേശമാണോ നടപ്പിലാക്കിയത്) എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോച്ചിന്‍റെ നിർദേശമില്ലാതെ ഇത്തരമൊരു വലിയ തീരുമാനം എടുക്കാൻ കഴിയില്ല” -തിവാരി പറഞ്ഞു.
2027 ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരം ശുഭ്മൻ ഗില്ലിനെയാണ് പുതിയ നായകനായി ബി.സി.സി.ഐ നിയമിച്ചത്. 38 വയസ്സായ രോഹിത് അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന സംശയമാണ് ഇത്തരമൊരു മാറ്റത്തിന് കാരണമായി പറയുന്നത്. എന്നാൽ രോഹിത്തിനോട് കാണിച്ചത് അനാദരവാണെന്ന് മനോജ് തിവാരി അഭിപ്രായപ്പെട്ടു. മൂന്ന് ഇരട്ട സെഞ്ചുറികൾ നേടിയ, ടീമിന് വേണ്ടി നിസ്വാർഥമായി കളിക്കുന്ന ഒരു താരത്തിന്‍റെ കഴിവിനെ ചോദ്യംചെയ്യുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് യുക്തിക്ക് നിരക്കാത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
“പ്ലേയിങ് ഇലവൻ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോഴും സ്ഥിരതയില്ലായ്മ കാണുന്നു. തുറന്നു പറയുകയാണെങ്കിൽ ഏകദിന മത്സരങ്ങൾ കാണാനുള്ള താൽപര്യം എനിക്ക് നഷ്ടപ്പെട്ടു. ട്വന്‍റ്20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയ ഒരു ക്യാപ്റ്റനെ വെറുതെ മാറ്റിനിർത്തുകയും പുതിയൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതും തികച്ചും അനാവശ്യമാണ്. ഇത് നടപ്പാക്കിയ രീതി തന്നെ സ്വീകാര്യമല്ല. അദ്ദേഹത്തിന്‍റെ ടാലന്‍റിനെ സംശയിക്കുന്നുവെന്നത് അദ്ഭുതമുളവാക്കുന്ന കാര്യമാണ്” -തിവാരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

