എന്തും ചെയ്യും സർ സോബേഴ്സ്! ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ
text_fieldsഗാരി സോബേഴ്സിനൊപ്പം വിരാട് കോഹ്ലി
ബാർബഡോസ്: എന്തും ചെയ്യും, ഒറ്റവാക്കിൽ കളിക്കളത്തിലെ ഗാരി സോബേഴ്സിനെ വിശേഷിപ്പിക്കാൻ മറ്റ് വാക്കുകളില്ല. നവതിക്ക് തൊട്ടരികെ വിടവാങ്ങുമ്പോൾ ഈ കരീബിയൻ ഇതിഹാസം ബാക്കിവെച്ചത് അടിച്ചുകൂട്ടിയ റണ്ണുകളും പിഴുതെടുത്ത വിക്കറ്റുകളുമാണ്. വിരലുകൊണ്ടും കൈക്കുഴ കൊണ്ടും സ്പിന്നെറിയുന്ന സോബേഴ്സ്, സീം ബൗളിങ്ങിലും മിന്നി.
സ്‍ലിപ്പിലടക്കം തകർപ്പൻ ക്യാച്ചുകളുമായി ഫീൽഡറായും തിളങ്ങി. ഡൊണാൾഡ് ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് കണ്ട രണ്ടാമത്തെ ഇതിഹാസമായിരുന്നു സോബേഴ്സ്. 1966 ൽ ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1 ന് വെസ്റ്റ് ഇൻഡീസ് ടീമിനെ ജയിക്കാൻ സഹായിച്ച സോബേഴ്‌സിന്റെ ഓൾറൗണ്ട് മികവ് അദ്ദേഹത്തിന് കിങ് ക്രിക്കറ്റ് എന്ന വിളിപ്പേര് നേടിക്കൊടുത്തു. ഈ പരമ്പരയിൽ അദ്ദേഹം 722 റൺസ് നേടി. 103 ശരാശരിയിൽ മൂന്ന് സെഞ്ച്വറികൾ, 20 വിക്കറ്റുകൾ, 10 ക്യാച്ചുകൾ എന്നിവ ഈ നേട്ടത്തിലുൾപ്പെടുന്നു.
സബീന പാർക്കിൽ പാക്കിസ്‍താനെതിരെ സോബേഴ്സ് പുറത്താകാതെ 365 റൺസ് നേടിയത് 1958ലായിരുന്നു. നൂറ് റൺസ് കടക്കുന്നത് പോലും വമ്പൻ നേട്ടമായി കാണുന്ന കാലത്താണ് ഈ റൺവേട്ട. കോൺറാഡ് ഹണ്ടെയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 446 റൺസും ഈ ഇന്നിങ്ങ്സിൽ പടുത്തുയർത്തി.. മൂന്ന് പതിറ്റാണ്ടിന് ശേഷം നാട്ടുകാരനായ ബ്രയാൻ ലാറ സോബേഴ്സിന്റെ റെക്കോഡ് തിരുത്തി. 1968ലായിരുന്നു കൗണ്ടി ചാമ്പ്യൻഷിപ്പിൽ മാൽക്കം നാഷിനെ ഒരോവറിൽ ആറ് സിക്സടിച്ചത്. ചരിത്രത്തിലാദ്യമായിരുന്നു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഇത്തരമൊരു മാരകബാറ്റിങ്ങ്. ബ്രിഡ്ജ്ടൗണിൽ 1936 ജൂലൈ 28നാണ് സോബേഴ്സ് ജനിച്ചത്. ഇരുകൈകളിലും ആറ് വിരലുകളുമായാണ് കുഞ്ഞു സോബേഴ്സ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അവ നീക്കി. ഇന്ത്യയിൽനിന്നെത്തിയ ടീമുമായി ബാർബഡോസ് കളിച്ചപ്പോൾ 16കാരനായ സോബേഴ്സ് ടീമിലുണ്ടായിരുന്നു.
ആദ്യ കളിയിൽ ഏഴ് വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ജമൈക്ക ടെസ്റ്റിൽ അരങ്ങേറി. അരങ്ങേറ്റത്തിൽ നാല് വിക്കറ്റ്. വരും വർഷങ്ങളിൽ ബാറ്റിങ്ങിലും കഴിവുകൾ പുറത്തെടുത്തു. ഏഴ് വർഷത്തോളം വെസ്റ്റിൻഡീസിനെ നയിച്ചു.
1958ൽ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടി. 1964ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി. 2000ൽ വിസ്ഡൻ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുത്തു.1975ൽ എലിസബത്ത് രാജ്ഞിയാണ് സർ പദവി നൽകി ആദരിച്ചത്. ഐ.സി.സി പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം നൽകുന്നത് സോബേഴ്സിന്റെ പേരിലാണ്. ബാർബഡോസ് സർക്കാർ സോബേഴ്‌സിനെ അവരുടെ പത്ത് ദേശീയ നായകന്മാരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. 1998 ൽ അദ്ദേഹത്തിന് ‘ദി റൈറ്റ് എക്സലന്റ്’ എന്ന പദവി നൽകി. ട്രിനിഡാഡിയൻ കാലിപ്‌സോ കലാകാരൻ മൈറ്റി സ്പാരോ സർ ഗാർഫീൽഡ് സോബേഴ്‌സ് എന്ന പേരിൽ ഗാനം രചിച്ച് ആദരിച്ചിരുന്നു.
1972 ജനുവരിയിൽ മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ റെസ്റ്റ് ഓഫ് ദി വേൾഡിനു വേണ്ടി സോബേഴ്‌സ് 254 റൺസ് നേടിയിരുന്നു. ഓസ്‌ട്രേലിയ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൊന്ന് എന്നാണ് ഡോൺ ബ്രാഡ്മാൻ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. സോബേഴ്സ് സാഹിത്യത്തിലും കൈവെച്ചിരുന്നു. ബോളിവുഡ് നടി അഞ്ജു മഹേന്ദ്രുവുമായുള്ള പ്രണയവും വാർത്തകളിൽ നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

