Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'21 തവണ പൂജ്യനായാലും...

'21 തവണ പൂജ്യനായാലും നിന്നെ പുറത്താക്കില്ല'; സഞ്ജുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് പിന്നിൽ ഗംഭീർ എന്ന പരിശീലകന്റെ ഉറച്ച വിശ്വാസം

text_fields
bookmark_border
21 തവണ പൂജ്യനായാലും നിന്നെ പുറത്താക്കില്ല; സഞ്ജുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് പിന്നിൽ ഗംഭീർ എന്ന പരിശീലകന്റെ ഉറച്ച വിശ്വാസം
cancel
camera_alt

സഞ്ജു സാംസൺ, ഗൗതം ഗംഭീർ

കൊൽക്കത്ത: പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി സഞ്ജു സാംസൺ. ട്വന്റി 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. സഞ്ജുവിന്റെ ഈ നേട്ടത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ തന്നെയാകും. മത്സരം കഴിഞ്ഞ് മടങ്ങുന്ന സഞ്ജുവിനെ ഹസ്തദാനം നൽകി സ്വീകരിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ആരാധകരുടെ മനംകവർന്നിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സഞ്ജുവിന് നൽകിയ ഉറച്ച പിന്തുണയുടെ ഫലമാണ് ഈ വിജയം.

ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നതിന് മുമ്പ് തന്നെ സഞ്ജുവിനെ ഏറെ പിന്തുണച്ചിരുന്ന വ്യക്തിയാണ് ഗംഭീർ. സ്റ്റാർ സ്പോർട്സിലെ വിദഗ്ദ്ധനായിരിക്കെ, ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റർ എന്നാണ് അദ്ദേഹം സഞ്ജുവിനെ വിശേഷിപ്പിച്ചിരുന്നത്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും ഇക്കാര്യം ശരിവെക്കുന്നു. "ഗൗതി എക്കാലത്തും സഞ്ജുവിനെ ഉയർന്ന നിലയിലാണ് കണ്ടിരുന്നത്. അവൻ രാജ്യത്തെ ഏറ്റവും മികച്ച ബാറ്ററാണെന്ന് ഗംഭീർ ഞങ്ങളോട് പറയാറുണ്ടായിരുന്നു. ആ വിശ്വാസത്തിനുള്ള ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അവൻ സെഞ്ച്വറി നേടിയിട്ടുണ്ടാകില്ല, എന്നാൽ ഈ 97 ഒരു സെഞ്ച്വറിക്ക് തുല്യമാണ്" - ആകാശ് ചോപ്ര പറഞ്ഞു.

തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങി ഫോമിലല്ലാതിരുന്ന സമയത്ത് ഗംഭീർ നൽകിയ ഉറപ്പാണ് താരത്തെ തിരികെ കൊണ്ടുവന്നത്. രവിചന്ദ്രൻ അശ്വിനുമായുള്ള ഒരു അഭിമുഖത്തിൽ സഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. "ഒരുപാട് നാളുകൾക്ക് ശേഷം അവസരം ലഭിച്ചിട്ടും എനിക്കത് മുതലാക്കാൻ കഴിഞ്ഞില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, 'അതിനെന്താ? തുടർച്ചയായി 21 തവണ നീ പൂജ്യത്തിന് പുറത്തായാലും ഞാൻ നിന്നെ ടീമിൽ നിന്ന് പുറത്താക്കില്ല'. ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്." ഈ ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായ ടി20 സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറിയത്.

തന്റെ വിശ്വാസം കാത്ത സഞ്ജുവിന്റെ പ്രകടനത്തെ ഗംഭീർ പ്രശംസിച്ചു. "അവൻ തികച്ചും സ്വാഭാവികമായ ക്രിക്കറ്റിംഗ് ഷോട്ടുകളാണ് കളിച്ചത്. പന്തിനെ ശക്തിയുപയോഗിച്ച് അടിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നിയില്ല. അതാണ് അവന്റെ കഴിവ്. ന്യൂസിലാൻഡിനെതിരായ പരമ്പര അവന് വെല്ലുവിളിയായിരുന്നു, അതിനാൽ ആ സമ്മർദ്ദത്തിൽ നിന്ന് അവനെ മാറ്റാൻ ഒരു വിശ്രമം ആവശ്യമായിരുന്നു. എന്നാൽ ലോകകപ്പ് പോലൊരു നിർണായക വേദിയിൽ അവനെ ആവശ്യമുള്ളപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു," ഗംഭീർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju Samsonteam indiaGautam GambhirTeam India CoachAakash Chopra
News Summary - Gambhir’s role in bringing Samson back from the dead
Next Story