ക്രിക്കറ്റ് പിച്ചിൽനിന്ന് വെള്ളിത്തിരയിലേക്ക്? രോഹിത് ശർമയുടെ പോസ്റ്റ് വൈറൽ; നെറ്റ്ഫ്ലിക്സ് ചിത്രം വരുന്നു
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു എന്ന സൂചനകളുമായി താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. നെറ്റ്ഫ്ലിക്സിന്റെയും മുംബൈ മുംബൈ ഇന്ത്യൻസിന്റെയും ലോഗോ പതിപ്പിച്ച ഒരു തിരക്കഥയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. ഇതോടെ താരം ഒരു സിനിമയിലോ വെബ് സീരീസിലോ പ്രധാന വേഷത്തിൽ എത്തുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഏപ്രിൽ 9, 2026 എന്ന തീയതി രേഖപ്പെടുത്തിയ തിരക്കഥയുടെ 'ഡ്രാഫ്റ്റ് #45' ആണ് ചിത്രത്തിലുള്ളത്. ഇതിലെ തലക്കട്ടിൽ 'ചാമ്പ്യൻ' എന്ന വാക്ക് വ്യക്തമായി കാണാം. 'രോഹിത് ശർമയുടെ കോപ്പി' എന്ന വാട്ടർമാർക്ക് കൂടി തിരക്കഥയിൽ കണ്ടതോടെ, ഇതൊരു വെറും പരസ്യമല്ലെന്നും വലിയൊരു പ്രോജക്റ്റിന്റെ ഭാഗമാണെന്നും ആരാധകർ ഉറപ്പിക്കുന്നു. രോഹിത്തിന്റെ ജീവിതകഥ പറയുന്ന ബയോപിക് ആണോ അതോ മുംബൈ ഇന്ത്യൻസിന്റെ വിജയഗാഥയാണോ വരാനിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.
നിലവിൽ, ഐ.പി.എൽ 2026ൽ മുംബൈ ഇൻഡ്യൻസിനായി കളിച്ചുകൊണ്ടിരിക്കെയാണ് താരത്തിന്റെ ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ. സീസണിന്റെ തുടക്കത്തിൽ 38 പന്തിൽ 78 റൺസ് നേടി തകർപ്പൻ ഫോമിലായിരുന്ന രോഹിത്തിന് പിന്നീട് വന്ന രണ്ട് മത്സരങ്ങളിൽ തിളങ്ങാനായിരുന്നില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ 35 റൺസും രാജസ്ഥാൻ റോയൽസിനെതിരെ വെറും 5 റൺസുമാണ് താരം നേടിയത്. ഇതുവരെ മൂന്ന് മത്സരങ്ങളിൽനിന്ന് 118 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.
നെറ്റ്ഫ്ലിക്സോ രോഹിത് ശർമയോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, സ്പോർട്സ് ഡോക്യുമെന്ററികൾക്കും സിനിമകൾക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ വലിയ സ്വീകാര്യത ലഭിക്കുന്ന കാലത്ത് രോഹിത്തിന്റെ ഈ നീക്കം വലിയൊരു നാഴികക്കല്ലാകുമെന്നുറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനായി വമ്പിച്ച കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

