ഗള്ളി ക്രിക്കറ്റിൽ നിന്നും ചാമ്പ്യൻമാരുടെ ഓപ്പണിങ് പൊസിഷനിൽ! ഷെയ്ഖ് റഷീദ് സി.എസ്.കെയുടെ ഭാവി!?
text_fieldsതുടർച്ചയായി അഞ്ച് മത്സരത്തിലെ തോൽവിക്ക് മുൻ ഐ.പി.എൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എല്ലിൽ ഒരു മത്സരം വിജയിച്ചിരിക്കുകയാണ്. ഋഷഭ് പന്ത് നായകനായ ലഖ്നോ സൂപ്പർജയന്‍റ്സിനെതിരെയാണ് സി.എസ്.കെയുടെ വിജയം.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം സി.എസ്.കെക്ക് നഷ്ടമായ മികച്ച ഓപ്പണിങ് കൂട്ടിക്കെട്ട് ലഖ്നോവിനെതിരെയുള്ള മത്സരത്തിൽ കാണാൻ സാധിച്ചു. രച്ചിൻ രവീന്ദ്രയും അരങ്ങേറ്റക്കാരൻ ഷെയ്ഖ് റഷീദും മികച്ച തുടക്കമാണ് സി.എസ്.കെക്ക് വേണ്ടി നൽകിയത്. 4.5 ഓവറിൽ 52 റൺസാണ് ഇരുവരും ചേർത്തത്. 19 പന്തിൽ നിന്നും ആറ് ഫോറടിച്ച് 27 റൺസാണ് ഷെയ്ഖ് നേടിയത്.
ഹൈദരാബാദിലെ ഗള്ളി ക്രിക്കറ്റിൽ നിന്ന് തന്റെ യാത്ര ആരംഭിച്ച 20 കാരനായ ഷെയ്ഖ് റഷീദ് ആദ്യ മത്സരത്തിൽ മികച്ച സ്പാർക്കാണ് കാഴ്ചവെച്ചത്. പവർപ്ലേ ഓവറുകളിൽ തകരുന്ന സി.എസ്.കെക്ക് മികച്ച തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
എട്ട് വയസ്സുള്ളപ്പോൾ റഷീദിന് ക്രിക്കറ്റിനോടുള്ള ഇഷ്ടം ആരംഭിച്ചിരുന്നു, ഹൈദരാബാദിലെ ദിൽസുഖ് നഗറിൽ ഗള്ളി ക്രിക്കറ്റ് കളിച്ചുകൊണ്ടായിരുന്നു അദ്ദേഹം ആരംഭിച്ചത്. പിന്നീട് എച്ച്.സി.എ ലീഗിൽ സ്‌പോർട്ടീവ് ക്രിക്കറ്റ് ക്ലബ്ബിൽ ചേർന്ന് ക്രിക്കറ്റ് പ്രൊഫഷണലായി കളിക്കാൻ ആരംഭിച്ചു.
പിന്നീട്, അദ്ദേഹത്തിന്റെ കുടുംബം ഗുണ്ടൂരിലേക്ക് താമസം മാറി. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, പിതാവിന്റെ അചഞ്ചലമായ പിന്തുണ ഷെയ്ഖിന്‍റെ സ്വപ്നങ്ങളെ സജീവമാക്കി.
2022 ലെ അണ്ടർ-19 ലോകകപ്പിനിടെയിൽ ഷാഡോ ബാറ്റിങ് പരിശീലിക്കാൻ ( ബൗളർമാരെ ദൃശ്യവൽകരിച്ച് ചെയ്യുന്ന പ്രാക്ടീസ്) വി.വി.എസ് ലക്ഷ്മൺ ഷെയ്ഖിനെ ഉപദേശിച്ചു. ഇത് യുവതാരത്തിന്‍റെ മെന്‍റൽ ഗെയ്മിന് മൂർച്ച കൂട്ടുന്ന ഒരു സാങ്കേതികമായി മാറി. 2024-ൽ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ അദ്ദേഹം 203 റൺസ് നേടി മികവ് കാട്ടിയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിൽ മോശമല്ലാത്ത തുടക്കം നടത്തിയ അദ്ദേഹത്തിന് ഈ സീസണിൽ സി.എസ്.കെക്ക് വേണ്ടി മികവ് കാട്ടാൻ സാധിക്കുമെന്ന് ടീമും ആരാധകരും പ്രതീക്ഷിക്കുന്നു. അഞ്ച് വർഷം മുമ്പ് സി.എസ്.കെ തകർച്ച നേരിട്ട സീസണിലാണ് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരം പിറവിയെടുത്തത്. ഇന്ന് സി.എസ്.കെയുടെ തകർന്ന ടോപ് ഓർഡറിന് നിറം പകരാൻ ഈ യുവതാരത്തിന് സാധിച്ചാൽ അത് ഷെയ്ഖിന്‍റെ കരിയറിലെ തന്നെ ടേണിങ് പോയിന്‍റായി മാറുമെന്നുറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.