ബാസ്ബാളിൽനിന്ന് ‘ബ്ലോക്ക്ബാളി’ലേക്ക്; ലോർഡ്സിൽ ഇന്ത്യക്കെതിരെ തന്ത്രം മാറ്റി ഇംഗ്ലണ്ട്
text_fieldsജോ റൂട്ട് ബാറ്റിങ്ങിനിടെ
ലണ്ടൻ: ബ്രണ്ടൻ മക്കല്ലം പടുത്തുയർത്തിയ ഇംഗ്ലിഷ് നിര തന്നെയാണോ ലോർഡ്സിൽ ഇന്ത്യയെ നേരിടുന്നത്? -ഒരു സിക്സർ പോലുമില്ലാതെ 300ൽ താഴെ സ്കോറുമായി മൂന്നാം ടെസ്റ്റിന്‍റെ ഒന്നാംദിനം അവസാനിച്ചപ്പോൾ ക്രിക്കറ്റ് ആരാധകർ സ്വാഭാവികമായും ഉയർത്തിയ ചോദ്യമാണിത്. അക്രമണോത്സുക ബാറ്റിങ്ങെന്ന സമീപകാല തന്ത്രം അപ്പാടെ മാറ്റിവച്ച് പരമ്പരാഗത രീതിയിലാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ബാറ്റിങ് നിര ഇന്ത്യൻ ബൗളിങ്ങിനെ നേരിട്ടത്.
രണ്ടാം ടെസ്റ്റിൽ തോറ്റതോടെ, ലോർഡിലെ കളി കൈവിടാതിരിക്കാൻ പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്യുന്ന ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് ഒന്നാംദിനം നേടിയത്. ആക്രമണോത്സുക ബാറ്റിങ് ശൈലിയായ ‘ബാസ്ബാൾ’ ഉപേക്ഷിച്ച് വിക്കറ്റ് പോകാതിരിക്കാൻ ‘ബ്ലോക്ക്ബാൾ’ ശൈലിയിലേക്ക് മാറിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിഹസിക്കുന്ന കാഴ്ചക്കും ലോർഡ്സ് വേദിയായി. ‘എന്‍റർടെയ്നിങ് ക്രിക്കറ്റില്ല സുഹൃത്തുക്കളേ, ബോറിങ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ സ്വാഗതം’ -എന്നിങ്ങനെ പറയുന്ന ഗില്ലിന്‍റെ ശബ്ദം സ്റ്റംപ് മൈക്കിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി സ്വീകരിച്ചുവരുന്ന കളി രീതിയിൽനിന്ന് വ്യത്യസ്ത സമീപനമാണ് ലോർഡ്സിൽ ഇംഗ്ലണ്ട് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. 2022ൽ പാകിസ്താനെതിരായ ടെസ്റ്റിൽ ഒന്നാംദിനം 506 റൺസടിച്ച് ഇംഗ്ലണ്ട് റെക്കോർഡ് നേടിയിരുന്നു. ബാസ്ബാളിന്‍റെ ആദ്യദിനങ്ങളായിരുന്നു അത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം കാണാൻ ആളുകളെത്തണമെങ്കിൽ ‘എന്‍റർടെയിനിങ്’ ആകണം എന്നതായിരുന്നു ബാസ്ബാളിന്‍റെ ആവശ്യകത. എന്നാൽ ശക്തരായ എതിരാളികൾക്കെതിരെ ഈ സമീപനവുമായി ഇറങ്ങിയപ്പോഴെല്ലാം ഇംഗ്ലണ്ട് തോറ്റു. അതോടെ വീണ്ടും കാണികളില്ലാതായി.
ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മൂന്നുതവണ നടന്നിട്ടും ഒന്നിൽ പോലും യോഗ്യത നേടാൻ ഇംഗ്ലണ്ടിനായില്ല. ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ജയിക്കാനായെങ്കിലും എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ തോറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇതോടെ കളി ശൈലിയിൽ മാറ്റം വരുത്തുകയെന്ന ‘തന്ത്രം’ സ്വീകരിക്കേണ്ടത് അനിവാര്യതയായി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. മറുഭാഗത്ത് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

