Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുൻ സെലക്ടർമാർക്കും...

മുൻ സെലക്ടർമാർക്കും അത്ഭുതം; എന്തുകൊണ്ട് ജലജ് സക്സേനയെ ഇന്ത്യക്കായി ഒരു മത്സരം പോലും കളിപ്പിച്ചില്ല...? കുറ്റമേ​റ്റ് മുൻതാരങ്ങൾ...!

text_fields
bookmark_border
Jalaj saxena
cancel
camera_alt

ചേതൻ ശർമ, ജലജ് സക്സനേ, സലിൽ അങ്കോള

ന്യഡൽഹി: 151 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 7109 റൺസും 487 വിക്കറ്റും, 109 ലിസ്റ്റ് ‘എ’ ക്രിക്കറ്റ് മത്സരങ്ങളിൽ 2056 റൺസും 123 വിക്കറ്റും, 73 ട്വന്റി20യിൽ 688 റൺസും 77 വിക്കറ്റും...

39ാം വയസ്സിലും മിന്നുന്ന ഫോമുമായി ആഭ്യന്തര ക്രിക്കറ്റി​ൽ വിലസുന്ന മധ്യപ്രദേശുകാരനായ ഈ ‘സീനിയർ താരം’ എന്തുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിൽ ഇതുവരെ കളിച്ചില്ല ?.

ചോദിക്കുന്നത് ആരാധകരോ, കളിക്കു പുറത്തെ മറ്റു കാഴ്ചക്കാരോ ഒന്നുമല്ല. പലകാലങ്ങളിലായി ഇന്ത്യൻ ടീമിന്റെ സെലക്ടർ കുപ്പായമണിഞ്ഞ മുൻ താരങ്ങളായ സലിൽ അങ്കോളയും ചേതൻ ശർമയും. രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യമത്സരത്തിൽ കേരളവും മഹാരാഷ്​ട്രയും തിരുവനന്തപുരത്ത് ഏറ്റുമുട്ടിയ​പ്പോൾ, മഹാരാഷ്ട്രക്കായി പാഡണിഞ്ഞ് ജലജ് ക്രീസിലേക്ക് വരുമ്പോഴായിരുന്നു കമന്ററി ബോക്സിലിരുന്ന് മുൻ താരങ്ങളുടെ കമന്റുകൾ.

ജലജ് സക്സേന ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നത് തന്നെ അതിശയിപ്പിക്കുന്നതായി പറഞ്ഞുകൊണ്ട് സലിൽ അങ്കോളയാണ് തുടങ്ങിയത്. ഉടൻ ചിരിയോടെ ചേതൻ ശർമയുടെ പ്രതികരണമെത്തി - ‘സലിൽ, ‘വളരെ അത്ഭുതപ്പെടുത്തുന്നു’ എന്നൊരു വാക്ക് നിങ്ങൾ ഉപയോഗിച്ചു. പക്ഷേ ഞാൻ പറയട്ടെ, നമ്മൾ രണ്ടുപേരും മുൻ സെലക്ടർമാരായിരുന്നു’.

അപ്പോൾ സലിൽ അങ്കോളയുടെ മറുപടി -‘നിങ്ങൾ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു’. സംസാരം ചേതൻ ശർമ അവസാനിപ്പിച്ചത് സ്വയം കുറ്റമേറ്റുകൊണ്ടും -‘ആ ചോദ്യ വിരലുകൾ നമുക്കു നേരെ തന്നെയാണ് ചൂണ്ടപ്പെടുന്നത്’. സെലക്ടർമാരെ മാത്രമല്ല, ബാറ്റിലും ബൗളിലും സ്ഥിരതയാർന്ന പ്രകടനംകൊണ്ട് സമ്പന്നമായ ആഭ്യന്തര കരിയർ പടുത്തുയർത്തിയ ജലജ് സക്സേനയെ ഇതുവരെ ദേശീയ ടീമിൽ അവസരം നൽകിയില്ലെന്നത് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമാണ്.

ഇന്ത്യക്കുവേണ്ടി 23 ടെസ്റ്റ് മത്സരങ്ങളും 65 ഏകദിനവും കളിച്ച​ ചേതൻ ശർമ 2020നും 2024നുമിടയിൽ രണ്ടു കാലയളവിൽ ദേശീയ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു. 1989 -1997 കാലത്ത് ഇന്ത്യക്കായി ഒരുടെസ്റ്റും, 20 ഏകദിനവും കളിച്ച സലിൽ അങ്കോള 2023 ജനുവരി മുതൽ 2024 ആഗസ്റ്റ് വരെ ദേശീയ ടീം ​സെലക്ടറായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ജലജ് സ്ക്സേന സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച കാലത്തായിരുന്നു ഇരുവരും ദേശീയ ടീം സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായത് എന്നതും ശ്രദ്ധേയം.

2005ൽ തന്റെ 19ാം വയസ്സിൽ മധ്യപ്രദേശിനു വേണ്ടിയായിരുന്നു ജലജ് രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. രഞ്ജിയിൽ 6000 റൺസും 400 വിക്കറ്റും പിന്നിട്ട ആദ്യ താ​രമെന്ന റെക്കോഡും ഈ മധ്യപ്രദേശുകാരന്റെ പേരിലാണ്. രണ്ടു പതിറ്റാണ്ടു പിന്നിട്ട ആഭ്യന്തര ക്രിക്കറ്റ് കരിയറിൽ കേരളത്തിനായും ദീർഘകാലം കളിച്ചു. ഈ സീസണിലാണ് മഹാരാഷ്ട്രയിലേക്ക് കൂടുമാറിയത്.

ജലജ് സക്സേന

അസൂയാവഹമായ ആഭ്യന്തര കരിയറിൽ ഒരുപാട് തവണ തെളിയിച്ചിട്ടും ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിൽ ജലജിന് പരിഭവങ്ങളില്ല. ‘ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചില്ലെന്നതിൽ സമാധാനം. എന്റെ ഹൃദയവും വികാരവും എന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനൊപ്പമാണ്’ -അടുത്തിടെ ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ജലജ് പറഞ്ഞു.

2016ൽ ജലജി​ന് മികച്ച ഓൾറൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി സമ്മാനിച്ചാണ് ബി.സി.സി.ഐ ആദരിച്ചത്. ഇന്ത്യ ‘എ’ ടീമിൽ മൂന്നു തവണ ഇടം നേടിയത താരം 2013ൽ ആസ്ട്രേലിയക്കെതിരെ അഞ്ചു വിക്കറ്റും, ന്യുസിലൻഡിനെതിരെ ആറ് വിക്കറ്റും നേടിയെങ്കിലും ദേശീയ ടീം വാതിൽ തുറന്നില്ല.

ജലജിനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെ വിമർശിച്ച് നേരത്തെ ഹർഭജൻ സിങ്ങും രംഗത്തെത്തിയിരുന്നു. ട്വന്റി20ക്ക് കൂടുതൽ പരിഗണന നൽകുമ്പോൾ രഞ്ജി ട്രോഫി പോലെയുള്ള ആഭ്യന്തര ക്രിക്കറ്റുകൾ പിന്തള്ളപ്പെടുന്നുവെന്നും, ജലജിന് കൂടുതൽ അവസരങ്ങൾ ‘എ’ടീമിൽ എങ്കിലും നൽകണമെന്നും ഹർഭജൻ വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophyjalaj saxenaChetan SharmaIndia cricketSalil Ankola
News Summary - Former selectors 'surprised' that Jalaj Saxena has never played for India
Next Story