നരേന്ദ്ര മോദിക്ക് ജന്മദിനാശംസയുമായി മുൻ പാകിസ്താൻ താരം; ചോദ്യം ചെയ്തതിന് ചുട്ട മറുപടി
text_fieldsകറാച്ചി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 73ാം ജന്മദിനാശംസ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ഡാനിഷ് കനേരിയ. ഇന്നലെയാണ് സമൂഹ മാധ്യമമായ എക്സിൽ അദ്ദേഹം മോദിയുടെ ചിത്രവും കുറിപ്പും സഹിതം ആശംസ നേർന്നത്. പ്രധാനമന്ത്രി മോദിയെ ‘ഭാരതത്തിന്റെ രക്ഷിതാവ്’ എന്ന് വിശേഷിപ്പിച്ച ഡാനിഷ് കനേരിയ, ഇന്ത്യക്ക് ലോകത്തെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും കുറിച്ചു.
‘ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതത്തിന്റെ രക്ഷിതാവുമായ ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. ഇന്ത്യക്ക് ലോകത്തെ നയിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചിട്ടുണ്ട്. ഇന്ന് ലോകം മുഴുവൻ 'വസുധൈവ കുടുംബക'ത്തെ (ലോകം ഒരു കുടുംബം) കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഞാൻ ഭഗവാൻ ശ്രീരാമനോട് പ്രാർഥിക്കുന്നു’, എന്നിങ്ങനെയായിരുന്നു കനേരിയയുടെ ജന്മദിനാശംസ.
എന്നാൽ, നീരവ് മോദിയുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് ഇതിനെതിരെ പ്രതികരണമുണ്ടായി. ‘ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ കുറിച്ച് ഒരു പാകിസ്താനിയും ഒരക്ഷരം പോലും മിണ്ടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ഇതിലെ ആവശ്യം. ഇതിനും മറുപടിയുമായി കനേരിയ എത്തി. കാബൂൾ മുതൽ കാമരൂപ് വരെ, ഗിൽജിത്ത് മുതൽ രാമേശ്വരം വരെ നമ്മൾ ഒന്നാണെന്നും പക്ഷേ അത് മനസ്സിലാകുന്നില്ലെങ്കിൽ ഞാനെന്തു ചെയ്യുമെന്നുമായിരുന്നു താരത്തിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

