മുൻ ക്രിക്കറ്റ് താരവും സെലക്ടറുമായ മിലിന്ദ് റെഗെ അന്തരിച്ചു
text_fieldsമിലിന്ദ് റെഗെ
മുംബൈ: മുംബൈ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ (76) അന്തരിച്ചു. ഹദയാഘാതത്തെ തുടർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയസംബന്ധിയായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന മിലിന്ദ് റെഗെക്ക് 26-ാം വയസ്സിൽ ഹൃദയാഘാതം വന്നിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി മുംബൈ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
1966 മുതൽ 1978 വരെ മുംബൈ ടീമിലെ ഓൾറൗണ്ടറായിരുന്ന റെഗെ, 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. വലംകൈയൻ ഓഫ് ബ്രേക്ക് ബൗളറായ താരം 126 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുംബൈക്കായി 23.56 ശരാശരിയിൽ 1,532 റൺസും നേടിയിട്ടുണ്ട്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറിനൊപ്പം സ്കൂൾ, കോളജ് കാലത്ത് പഠിക്കുകയും ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്. ദാദർ യൂണിയൻ സ്പോർട്ടിങ് ക്ലബിനായും ഇരുവരും ഒരുമിച്ച് കളത്തിലിറങ്ങി.
മുംബൈ ക്രിക്കറ്റിനെ വിവിധ പദവികളിൽ റെഗെ സേവനമനുഷ്ഠിച്ചു. സച്ചിൻ ടെണ്ടുൽക്കർ മുതൽ യശസ്വി ജയ്‌സ്വാൾ വരെ മുംബൈ ക്രിക്കറ്റിലെ മാറിമാറി വന്ന തലമുറകളെ ആദ്യം കണ്ടുപിടിച്ചത് റെഗെയാണ്. കഴിഞ്ഞ നാല് വർഷമായി, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേഷ്ടാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

