അന്ന് ഓവലിലെ സ്വപ്നനേട്ടത്തിലേക്ക് വിജയറൺ; ചരിത്രത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യൻ ക്രിക്കറ്റർ സെയ്ദ് ആബിദ് അലി ഇനി ഓർമ
text_fieldsഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം സെയ്ദ് ആബിദ് അലി നിര്യാതനായി. 83 വയസ്സായ അദ്ദേഹത്തിന്റെ അന്ത്യം യു.എസിലായിരുന്നു. 29 ടെസ്റ്റിൽ രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയ ഓൾറൗണ്ടർ 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ ആബിദ് അലി മികവുറ്റ ഫീൽഡർ കൂടിയായിരുന്നു.
ആസ്ട്രേലിയക്കെതിരെ ബ്രിസ്ബെയ്നിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആ മത്സരത്തിൽ 55 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുതു. ആ പരമ്പരയിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ രണ്ടിന്നിങ്സുകളിലും തകർപ്പൻ അർധസെഞ്ച്വറികൾ (78, 81) നേടി ബാറ്റിങ്ങിലും കഴിവു തെളിയിച്ചു. 1971ൽ ഓവലിൽ കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് സ്വപ്നവിജയം നേടുമ്പോൾ വിജയ റൺ പിറന്നത് ആബിദ് അലിയുടെ ബാറ്റിൽനിന്നായിരുന്നു.
ഹൈദരാബാദിനുവേണ്ടി 22 വർഷമാണ് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിറഞ്ഞുനിന്നത്. കളിയിൽനിന്ന് വിരമിച്ചശേഷം മാലദ്വീപ്, ആന്ധ്ര രഞ്ജി ടീം, യു.എ.ഇ ടീമുകളുടെ പരിശീലകനായും സേവനമനുഷ്ഠിച്ചു.
1996ൽ ബൈപാസ് സർജറിക്കു വിധേയനായപ്പോൾ ആബിദ് അലി നിര്യാതനായെന്ന വ്യാജ വാർത്ത ക്രിക്കറ്റ് വൃത്തങ്ങളിൽ പരന്നിരുന്നു. തന്നോടൊപ്പം കളിച്ച താരങ്ങളടക്കം അന്ന് ‘അനുശോചനങ്ങൾ’ നേർന്നത് വലിയ വാർത്തയായിരുന്നു.
ആബിദ് അലിയുടെ നിര്യാണത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സുനിൽ ഗാവസ്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, മുൻ ഇന്ത്യൻ താരങ്ങളായ പ്രഗ്യാൻ ഓജ, ദൊഡ്ഡ ഗണേഷ്, കമന്റേറ്റർ ഹർഷ ഭോെഗ്ല, മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി തുടങ്ങിയവർ അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.