‘കോഹ്ലിക്ക് പഠിക്കുന്നു, ഇത് ഇന്ത്യൻ ക്യാപ്റ്റന് ചേർന്നതല്ല...’; ഗില്ലിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ
text_fieldsമാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായക പദവി ഏറ്റെടുത്തശേഷമുള്ള ശുഭ്മൻ ഗില്ലിന്‍റെ ആക്രമണോത്സുക ശൈലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി. ഇംഗ്ലണ്ട് പര്യടനത്തിനു ഒരുമാസം മുമ്പാണ് രോഹിത് ശർമയിൽനിന്ന് 25കാരനായ ഗിൽ ടെസ്റ്റ് ടീമിന്‍റെ നായക പദവി ഏറ്റെടുക്കുന്നത്.
ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച അനുഭവ പരിചയം താരത്തിനുണ്ടായിരുന്നു. നായകനായുള്ള അരങ്ങേറ്റത്തിൽ തന്നെ തകർപ്പൻ ബാറ്റിങ്ങുമായി ഒരുപിടി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ലോർഡ്സിൽ തിളങ്ങാനായില്ലെങ്കിലും ആറു ഇന്നിങ്സുകളിൽനിന്നായി 607 റൺസാണ് താരം അടിച്ചുകൂട്ടിയത്. 101 ആണ് ശരാശരി. ഇതിനിടെ ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് താരങ്ങളോടും അമ്പയറോടും ഗിൽ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ഓപ്പണർ സാക് ക്രോളിയും താരവും വാക്കേറ്റമുണ്ടായി.
ക്രിക്കറ്റ് മൈതാനത്ത് സൂപ്പർതാരം വിരാട് കോഹ്ലിയുടെ ആക്രമണോത്സുക ക്യാപ്റ്റൻസിയെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു ഗില്ലിന്‍റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായത്. ക്യാപ്റ്റൻ ഗില്ലിന്‍റെ മൈതാനത്തെ ഇത്തരത്തിലുള്ള പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലെന്ന് മനോജ് തിവാരി പ്രതികരിച്ചു. ‘അവസാന സമയത്ത് വിരാട് കോഹ്ലി ചെയ്ത കാര്യങ്ങൾ പകർത്താനാണ് ഗിൽ ശ്രമിക്കുന്നത്. ഇത് താരത്തിന്‍റെ ബാറ്റിങ്ങിനെ സഹായിക്കില്ല. ഐ.പി.എല്ലിൽ ക്യാപ്റ്റനായതു മുതലാണ് താരം കൂടുതൽ ആക്രമണോത്സുക ശൈലിയിലേക്ക് വരുന്നത്. അമ്പയർമാരോടുപോലും തർക്കിക്കുകയാണ്. ഇത് ഗില്ലിൽനിന്ന് ആരും പ്രതീക്ഷിച്ചില്ല. താരത്തിന് അത്തരത്തിലുള്ള ആക്രമണോത്സുകത കാണിക്കേണ്ട ആവശ്യമില്ല, ഒന്നും തെളിയിക്കേണ്ടതുമില്ല’ -മനോജ് തിവാരി പറഞ്ഞു.
‘ഗില്ലിന് അദ്ദേഹത്തിന്‍റെ തന്നെ ആക്രമണോത്സുക ശൈലിയിൽ തുടരാൻ കഴിയും. കളത്തിൽ തർക്കിക്കണമില്ല. ടെസ്റ്റ് മത്സരങ്ങൾ ജയിച്ചുകൊണ്ടും ആക്രമണോത്സുകത കാണിക്കാം. ഇന്ത്യക്ക് പരമ്പരയിൽ 2-1ന് എളുപ്പത്തിൽ മുന്നിലെത്താൻ കഴിയുമായിരുന്നു. അത്തരം ആക്രമണോത്സുകത കളിക്ക് നല്ലതല്ല, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനിൽ നിന്ന്’ -തിവാരി കൂട്ടിച്ചേർത്തു. ലോർഡ്സിൽ 22 റൺസിന് പൊരുതിത്തോറ്റ ഇന്ത്യ പരമ്പരയിൽ 2-1ന് പിന്നിലാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് ടീം ഇന്ത്യക്ക് നിർണായകമാണ്.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. പ്രമുഖ താരങ്ങളുടെ പരിക്കാണ് ഇന്ത്യയെ വലക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഇനി പരമ്പരയിൽ കളിക്കാനാവില്ല. പേസർമാരായ അർഷ്ദീപ് സിങ്ങും ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാര്യത്തിലും ആശങ്ക തുടരുന്നു. പേസർ അൻഷുൽ കംബോജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസർ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

