മുൻ ഇന്ത്യൻ ക്രിക്കറ്റർ അസ്ഹറുദ്ദീന്‍റെ മകനും രാഷ്ട്രീയത്തിലേക്ക്; തെലങ്കാന കോൺഗ്രസിൽ സുപ്രധാന പദവി
text_fieldsഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മകൻ മുഹമ്മദ് അസദുദ്ദീനും പിതാവിന്‍റെ വഴിയേ രാഷ്ട്രീയത്തിലേക്ക്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയായി അസദുദ്ദീനെ പാർട്ടി തെരഞ്ഞെടുത്തു. അസ്ഹറുദ്ദീൻ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മകന്‍റെ രാഷ്ട്രീയ പ്രവേശനത്തെയും പുതിയ പദവിയെയും അദ്ദേഹം അഭിനന്ദിച്ചു. ‘മകൻ മുഹമ്മദ് അസദുദ്ദീൻ തെലങ്കാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി പൊതുജീവിതത്തിൽ തന്റെ ഔദ്യോഗിക പദവിയിലേക്ക് പ്രവേശിക്കുമ്പോൾ എനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണ്’ -അസ്ഹറുദ്ദീൻ എക്സിൽ കുറിച്ചു.
ജനങ്ങളോടുള്ള അവന്‍റെ പ്രതിബദ്ധത, സേവനത്തോടുള്ള അഭിനിവേശം, ആത്മാർഥത എന്നിവ അടുത്തുനിന്നു കണ്ടിട്ടുണ്ട്. അവൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും കൂടുതൽ ശ്രദ്ധചെലുത്തുകയും മൂല്യങ്ങളാൽ നയിക്കപ്പെടുകയും ചെയ്യട്ടെ. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ എല്ലാവിധ ആശംസകളും നേരുന്നുവെന്നും അസ്ഹർ കൂട്ടിച്ചേർത്തു. ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം 2009ലാണ് അസ്ഹർ രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.
ഉത്തർപ്രദേശിൽനിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. തെലങ്കാന കോൺഗ്രസിൽ സംഘടന ചുമതല ഉൾപ്പെടെ സുപ്രധാന പദവികൾ വഹിച്ചു. അസദുദ്ദീൻ ആഭ്യന്തര ക്രിക്കറ്റിൽ ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയാണ്. ടെന്നീസ് സൂപ്പർതാരം സാനിയ മിർസയുടെ സഹോദരി ആനം മിർസയാണ് ഭാര്യ. ഹൈദരാബാദിലെ ജൂബിലി ഹിൽസ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അസദുദ്ദീനെ കോൺഗ്രസ് മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സിറ്റിങ് എം.എൽ.എയും ബി.ആർ.എസ് നേതാവുമായ മഗന്തി ഗോപിനാഥിന്‍റെ വിയോഗത്തോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലത്തിൽ അസ്ഹറുദ്ദീനെ മത്സരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

