‘എന്തേ ഇത്ര വൈകി? അവരുടെ വീഴ്ചയാണിത്, ഇന്ത്യൻ ക്രിക്കറ്റിനാണ് തിരിച്ചടിയേറ്റത്...’; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ
text_fieldsമുംബൈ: ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ്. ട്വന്‍റി20 ക്രിക്കറ്റിൽ ഓപ്പണിങ്ങിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽനിന്ന് ഒഴിവാക്കാൻ അവസാന നിമിഷം വരെ കാത്തിരുന്ന നടപടിയാണ് താരത്തെ ചൊടിപ്പിച്ചത്.
മലയാളി താരം സഞ്ജു സാംസണെ ഓപ്പണിങ്ങിൽനിന്ന് മാറ്റിയാണ് ഗില്ലിനെ ട്വന്‍റി20 ഫോർമാറ്റിൽ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. വൈസ് ക്യാപ്റ്റനായിട്ടായിരുന്നു ഗില്ലിന്‍റെ കുട്ടിക്രിക്കറ്റ് ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവ്. എന്നാൽ ഓപ്പണിങ്ങിൽ ഗില്ലിന് ശോഭിക്കാനായില്ല. കഴിഞ്ഞ 15 മത്സരങ്ങളിൽ താരം ആകെ നേടിയത് 266 റൺസ് മാത്രമാണ്. 19 ആണ് ശരാശരി. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്‍റെ പേരിലില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പരിക്കേറ്റ് പുറത്തായതോടെ മാത്രമാണ് സഞ്ജുവിന് അവസാന മത്സരത്തിൽ അവസരം ലഭിക്കുന്നത്.
അഭിഷേകിനൊപ്പം ഓപ്പണിങ്ങിൽ അതിവേഗ ബാറ്റിങ്ങുമായി സഞ്ജു തിളങ്ങുകയും ചെയ്തതോടെയാണ് ഗില്ലിന് അടുത്ത വർഷം നടക്കുന്ന ലോകകപ്പ് സ്ക്വാഡിൽനിന്ന് പുറത്തുപേകേണ്ടി വന്നത്. ഏഷ്യ കപ്പ് മുതൽ ഇന്ത്യ കളിച്ച എല്ലാ ട്വന്‍റി20 മത്സരങ്ങളിലും ഗിൽ കളച്ചിരുന്നു. ഈ മത്സരങ്ങളിൽ 47 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. പ്രോട്ടീസിനെതിരായ ആദ്യത്തെ മൂന്നു മത്സരത്തിൽ 4, 0, 28 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ പ്രകടനം. ട്വന്‍റി20 ലോകകപ്പിനുള്ള തയാറെടുപ്പായാണ് പ്രോട്ടീസിനെതിരായ പരമ്പരയെ കണ്ടിരുന്നത്.
എന്നാൽ, മികച്ച താരങ്ങളുണ്ടായിട്ടും അവസരം നൽകാതെ ചിലരിൽ മാത്രം പ്രതീക്ഷ വെച്ച് ലോകകപ്പിന് ഒരുങ്ങാനുള്ള അവസരം കളഞ്ഞുകുളിച്ചെന്നാണ് കൈഫ് പറയുന്നത്. ‘മികച്ച താരങ്ങളുണ്ടെന്ന് അവർക്കറിയാമായിരുന്നു. ട്വന്‍റി20 ഫോർമാറ്റിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഗില്ലിനേക്കാൾ മികച്ച താരങ്ങൾ അവിടെയുണ്ടായിരുന്നു. സെലക്ടർമാരുടെ വീഴ്ചയാണിത്. അവരുടെ പിടിപ്പുകേട് കാരണം ഇന്ത്യൻ ക്രിക്കറ്റിനാണ് തിരിച്ചടിയുണ്ടായത്. രണ്ടും മൂന്നും മാസങ്ങളുണ്ടായിട്ടും യശസ്വി ജയ്സ്വാൾ, സാംസൺ, ജിതേഷ് ശർമ എന്നിവരെ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല’ -കൈഫ് യൂട്യൂബ് ചാനലിൽ പറഞ്ഞു.
അക്സർ പട്ടേലിനെ നേരത്തെ തന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാമായിരുന്നു. ഗില്ലിനെ അവസാന നിമിഷം ഒഴിവാക്കിയത് അഗാർക്കറിന്‍റെയും ടീമിന്‍റെയും മോശം ആസൂത്രണത്തിന്റെ ഫലമാണെന്നും കൈഫ് കുറ്റപ്പെടുത്തി. ഫോം കണ്ടെത്താനാകാതെ വലഞ്ഞ ഗില്ലിനെ സ്ക്വാഡിൽനിന്നു തന്നെ പൂർണമായി തഴയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്ക്വാഡിൽനിന്ന് ഒഴിവാക്കുന്ന വിവരം ഗില്ലിനെ പോലും അവസാന മിനിഷം മാത്രമാണ് സെലക്ഷൻ കമ്മിറ്റി അറിയിച്ചത്. കഴിഞ്ഞ തവണ ലോകകപ്പ് ടീമുലുണ്ടായിട്ടും സഞ്‌ജുവിന് ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല.
ഋഷഭ് പന്തായിരുന്നു വിക്കറ്റ്‌കീപ്പർ. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്.
ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

