ആസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു
text_fieldsമെൽബൺ: ആസ്‌ട്രേലിയയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റനും ടീമിന്റെ ആദ്യകാല മുഴു സമയ പരിശീലകനുമായ ബോബ് സിംപ്‌സൺ 89 ാം വയസ്സിൽ സിഡ്‌നിയിൽ അന്തരിച്ചു.
ആസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ സിംപ്‌സൺ 1957 നും 1978 നും ഇടയിൽ 62 ടെസ്റ്റുകൾ കളിച്ചിരുന്നു. 10 സെഞ്ച്വറികൾ ഉൾപ്പെടെ 4,869 റൺസ് നേടി. ലെഗ് സ്പിന്നിലൂടെ 71 വിക്കറ്റുകളും നേടി.
തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്ലിപ്പ് ഫീൽഡർമാരിൽ ഒരാളായും അദ്ദേഹം പ്രശംസിക്കപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 21,029 റൺസും 349 വിക്കറ്റുകളും അദ്ദേഹം നേടി.
പ്രതിസന്ധി ഘട്ടങ്ങളിൽ ആസ്ട്രേലിയയെ നയിച്ച അദ്ദേഹം ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ 10 ടെസ്റ്റുകളിൽ നായകനായിരുന്നു. 1964ൽ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 311 എന്ന അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ ഇപ്പോഴും ഒരു നാഴികക്കല്ലായി തുടരുന്നു.
1986 മുതൽ 1996 വരെ പരിശീലകനായിരുന്ന സിംസൺ, ആസ്ട്രേലിയയെ ക്രിക്കറ്റിലെ ഒരു പ്രബല ശക്തിയായി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചു. അലൻ ബോർഡറിനൊപ്പം പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം അച്ചടക്കവും പ്രൊഫഷനലിസവും വളർത്തിയെടുത്തു, സ്റ്റീവ് വോ, ഡേവിഡ് ബൂൺ, ഡീൻ ജോൺസ്, ക്രെയ്ഗ് മക്ഡെർമോട്ട്, മെർവ് ഹ്യൂസ് എന്നിവരടങ്ങുന്ന ഒരു ടീമിനെ രൂപപ്പെടുത്തി. പിന്നീട് ഷെയ്ൻ വോൺ, റിക്കി പോണ്ടിംഗ്, മാർക്ക് ടെയ്‌ലർ എന്നിവരുടെ ഉയർച്ചക്കും അദ്ദേഹം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

