Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒരു ഇന്ത്യൻ...

ഒരു ഇന്ത്യൻ ക്രിക്കറ്റർ പറയുന്നു -‘ക്രിക്കറ്റ് ജോലിയാണ്; ഇഷ്ടം ഫുട്ബാൾ’; ഏഷ്യാ കപ്പ് തിരക്കിനിടയിലും യൂട്യൂബിൽ ഫുട്ബാൾ വിശകലനവുമായി താരം...

text_fields
bookmark_border
kuldeep yadav
cancel
camera_alt

കുൽദീപ് യാദവ്

ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏഷ്യാ കപ്പ് മത്സരം നടക്കുമ്പോഴും, അങ്ങ് ഇംഗ്ലണ്ടിലെ ഓവലിൽ ടെസ്റ്റ് കളിക്കുമ്പോഴും ഇന്ത്യൻ സ്പിന്നർ കുൽദീപിന്റെ മനസ്സിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ലിവർപൂളുമെല്ലാമാവും.

അയാളുടെ ചിന്തയിൽ അന്നു രാത്രിയിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗോ, ചാമ്പ്യൻസ് ലീഗോ മത്സരമാകും. പ്രഫഷണൽ ക്രിക്കറ്റിൽ ദേശീയ ടീമിന്റെ മുൻനിര താരമായി വിലസുമ്പോഴും കുൽദീപിനോളം മനസ്സു നിറയെ തുകൽ പന്ത് ആവേശം നിറച്ച മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാവാനിടയില്ല.

ക്രിക്കറ്റ് ആരാധകർക്കിടയിൽ പരസ്യമായൊരു രഹസ്യമാണ് ഇന്ത്യയുടെ ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവിന്റെ ഫുട്ബാൾ പ്രേമം. ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ ടീമിലെ മുൻനിര സ്പിന്നറായും മാറുകയും, എന്നാൽ ഫുട്ബാളിനെ നെഞ്ചിലേറ്റി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. ഫിഫ ലോകകപ്പ് ഫുട്ബാളും യൂറോകപ്പും എത്തുമ്പോൾ മാത്രം ആവേശംകൊള്ളുന്ന വെറുമൊരു സീസണൽ ഫുട്ബാൾ പ്രേമിയല്ല. എല്ലാ ലീഗ് മത്സരങ്ങളും ഉറക്കമിളച്ച് കാണുകയും, സ്വന്തം യൂട്യൂബ് ചാനലിലൂടെ താരങ്ങളുടെ ട്രാൻസ്ഫർ മുതൽ, ഓരോ മത്സരവും വരെ വിശകലനം ചെയ്യുകയും ചെയ്യുന്ന കട്ട ഫുട്ബാൾ ഫാൻ.

​ആരാധകർക്ക് പിടികൊടുക്കാതെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തി മോഹൻ ബഗാന്റെ മത്സരങ്ങൾ കാണുകയും, ഫുട്ബാളിൽ നിന്ന് ക്രിക്കറ്റിലേക്കുള്ള ഊർജം സ്വന്തമാക്കുകയും ചെയ്യുന്ന ബ്രില്ല്യന്റ് താരമെന്നും കുൽദീപിനെ വിശേഷിപ്പിക്കാം.

ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ, കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ തന്റെ ഫുട്ബാൾ പ്രേമവും കുൽദീപ് വെളിപ്പെടുത്തി. ക്രിക്കറ്റാണ് എന്റെ ജോലി, എന്നാൽ ഫുട്ബാളാണ് പാഷൻ എന്നായിരുന്നു കുൽദീപിന്റെ പക്ഷം. യുവേഫ ചാമ്പ്യൻസ് ലീഗും യൂറോപ്യൻ ലീഗുകളുമായി സജീവമായ ഫുട്ബാൾ സീസണിനിടെ നടന്ന വാർത്താ സമ്മേളനത്തിൽ ഫുട്ബാൾ ഇഷ്ടത്തെ കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ എല്ലാ ടീമുകളുടെയും കളികൾ കണാറുണ്ടെന്നായിരുന്നു കുൽദീപിന്റെ മറുപടി.

ക്രിക്കറ്റ് തന്റെ ജോലിയാണെന്ന് പറഞ്ഞ കുൽദീപ്, പക്ഷേ ഫീൽഡിലിറങ്ങുമ്പോൾ ഒരുപാട് പാഠങ്ങളും പ്രചോദനവും ഫുട്ബാളിൽ നിന്ന് ലഭിക്കുന്നുവെന്നും വിശദീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിന് പുറത്തിരുന്നതിന്റെ നിരാശയെ, ഫുട്ബാൾ സമ്മാനിച്ച മാനസിക പാഠത്തിലൂടെ മറികടന്നതി​നെ കുറിച്ചും താരം പറഞ്ഞു. ഏറ്റവും മികച്ച താരങ്ങളും ബെഞ്ചിലിരിക്കുന്ന ബാഴ്സലോണയെ ചൂണ്ടികാട്ടിയായിരുന്നു കടുത്ത ബാഴ്സ ആരാധകനായ താരത്തിന്റെ പ്രതികരണം. ‘അവിശ്വസനീയമായ ബെഞ്ച് നിരയാണ് ബാഴ്സലോണക്കുള്ളത്. അവരിൽ പലർക്കും 15-20 മിനിറ്റ് പോലും കളിക്കാൻ കഴിയാറില്ല. അപ്പോഴും അവർ മികച്ച താരങ്ങൾ തന്നെയാണ്. എല്ലാ മത്സരങ്ങളും കാണുമ്പോൾ, കളിക്കാരുടെ ആശയ വിനിമയവും, കണക്ഷനും, പരസ്പരം നൽകുന്ന പ്രോത്സാഹനവുമായി ടീം ഗെയിമിലെ മാതൃക പ്രചോദനം നൽകുന്നതാണ്’ -കുൽദീപ് പറഞ്ഞു.

വസിം അക്രമിനെ പോലെ ഇടംകൈയൻ പേസറായി മാറാൻ കൊതിച്ച്, ഇന്ത്യയുടെ മുൻനിര ഇടംകൈയൻ സ്പിന്നറായി മാറിയ കുൽദീപിന്റെ ഫുട്ബാൾ പ്രണയം സഹതാരങ്ങൾക്കിടയിലും പ്രശസ്തമാണ്.

പകൽ ക്രിക്കറ്റ്; രാത്രിയിൽ ചാമ്പ്യൻസ് ലീഗും കളി വിശകലനവും; ദുബൈയിലും കുൽദീപ് ബിസിയാണ്

ഏറെ ടെൻഷനും സമ്മർദവുമുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ തിരക്കിലാണ് ഇന്ത്യൻ ടീം എങ്കിലും കുൽദീപിന്റെ മനസ്സു നിറയെ ഫുട്ബാൾ ആവേശമാണിപ്പോൾ. ലീഗ് ഫുട്ബാളിനൊപ്പം, ചാമ്പ്യൻസ് ലീഗിന് കൂടി കിക്കോഫ് കുറിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം ഫുട്ബാൾ വിശകലനവുമായി സജീവമായി കഴിഞ്ഞു. പകലിലെ മത്സരങ്ങളും, നെറ്റ്സ് പ്രാക്ടീസുമായി തിരക്കേറുന്ന ഷെഡ്യൂളിനിടയിൽ, രാത്രിയിൽ ഉറക്കമിളച്ച് ഫുട്ബാൾ മത്സരങ്ങളെല്ലാം കണ്ടു തീർക്കുകയാണ് ഈ സ്പിൻ മാന്ത്രികനിപ്പോൾ. കളി കണ്ട് കിടന്നുറങ്ങുകയല്ല, വളരെ വിശദമായി തന്നെ ഓരോ മത്സരങ്ങളും വിശകലനവും ചെയ്യുന്നു.

കുൽദീപ് യാദവ്

ഇതുവരെയാണ് നൂകാംപിലും മാഞ്ചസ്റ്ററിലുമെത്തി ഇഷ്ട ടീമുകളുടെ മത്സരങ്ങൾ ഗാലറിയിലിരുന്ന് കൺ നിറയെ കണ്ട് ആവേശമടക്കിയ താരം, ഇപ്പോൾ കളി വിശകലനവുമായി യൂട്യൂബിലാണ്. ‘Kuldeep Yadav’ എന്ന പേരിൽ കഴിഞ്ഞ മാസം ആരംഭിച്ച യൂട്യുബ് ചാനലിൽ ഇപ്പോൾ നിറയുന്നത് ഫുട്ബാൾ വിശേഷങ്ങൾ.

രണ്ടാഴ്ച മുമ്പ് ചാമ്പ്യൻസ് ലീഗുമായി ബന്ധപ്പെട്ട് ക്ലബുകളും താരങ്ങളും സംബന്ധിച്ച് നടത്തിയ ​​വീഡിയോ ഒരു ഫുട്ബാൾ അനലിസ്റ്റിന്റെ ഗൃഹപാഠങ്ങളും നിരീക്ഷണങ്ങളുമായി ശ്രദ്ധേയമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കാഴ്ചക്കാരുടെ എണ്ണം 70,000 കടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ മത്സരങ്ങൾ, റയൽ മഡ്രിഡ് -മാഴ്സെ ചാമ്പ്യൻസ് ലീഗ് മത്സരം, ലിവർപൂൾ-ആഴ്സനൽ, ബ്രൈറ്റണിനോട് തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി -അങ്ങ​നെ ഇതിനകം പത്തോളം വീഡിയോ വിശകലനങ്ങൾ താരം പൂർത്തിയാക്കി കഴിഞ്ഞു.

മോഹൻ ബഗാൻ ബാഴ്സലോണ ആരാധകൻ

‘കുൽദീപ് യാദവിനെ പിന്തുടരുന്ന ഏതൊരാൾക്കും അദ്ദേഹം ഒരു ഫുട്ബോൾ ആരാധകനാണെന്ന് അറിയാം. പ്രധാന മത്സരങ്ങളൊന്നും നഷ്ടപ്പെടുത്താത്ത കടുത്ത ആരാധകൻ. പക്ഷേ, അദ്ദേഹം മോഹൻ ബഗാന്റെ ആരാധകനായിരുന്നുവെന്ന് ഈ അഭിമുഖത്തിന് മുമ്പ് എനിക്ക് അറിയില്ലായിരുന്നു’ -അടുത്തിടെ കുൽദീപുമായി നടത്തിയ അഭിമുഖം പ്രമുഖ സ്​പോർട്സ് ലേഖകനായ ബോറിയ മജുംദാർ എഴുതിത്തുടങ്ങിയത് ഇങ്ങനെയായിരുന്നു.

‘ആരോടും പറയാതെയായിരുന്നു മോഹൻ ബഗാന്റെ മത്സരങ്ങൾ കാണാൻ ഞാൻ എത്തിയത്. വെറുമൊരു ഫുട്ബാൾ ആരാധകനായി ഗാലറിയിലെത്തി മത്സരങ്ങൾ കാണാൻ ഇഷ്ടപ്പെട്ടു. പലപ്പോഴും ക്രിക്കറ്റിൽ ശ്രദ്ധ നൽകണമെന്ന് ആളുകൾ പറയും. എന്നാൽ, എനിക്ക് മാനസിക ഉല്ലാസവും കരുത്തുമെല്ലാം ഫുട്ബാൾ കാഴ്ച സമ്മാനിച്ചു. എല്ലാ ഫുട്ബാൾ ടൂർണമെന്റുകളും പതിവായി കാണും. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം ഒരു ഫുട്ബാൾ ടീമിനെ മാനേജ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, ഫുട്ബോളിനെ മനസ്സിലാക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. ക്രിക്കറ്റിന് ശേഷം ഫുട്ബാളിനാണ് മുൻഗണന. അതുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച കാലത്ത് മോഹൻ ബഗാൻ കളിക്കുന്നത് കാണാൻ പോയത്. ഏഷ്യയിൽ തന്നെ വലിയ ക്ലബായ ബഗാന്റെ സ്ഥാനം കൂടി മനസ്സിലാക്കുന്നതായിരുന്നു അത്’ -കുൽദീപ് പറയുന്നു.

തിരക്കിനിടയിൽ അനുവദിച്ച 20-25 മിനിറ്റ് അഭിമുഖം നീണ്ടു പോയപ്പോൾ സമയത്തെ കുറിച്ച് ഓർമപ്പെടുത്തിയപ്പോൾ ‘ഫുട്ബാളിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയാൽ അവസാനിപ്പിക്കാനാവില്ല’ എന്നായിരുന്നു കുൽദീപിന്റെ മറുപടിയെന്ന് ബോറിയ കുറിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIKuldeep YadavFootball Newsmohan baganIndia cricketAsia Cup 2025
News Summary - Football Is Kuldeep Yadav's True Passion
Next Story