ഒത്തുകളി കേസിൽ വിലക്ക് നേരിട്ട പാക് താരത്തിന് 39-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം
text_fieldsടെസ്റ്റ് അരങ്ങേറ്റിൽ തൊപ്പിയുമായി ആസിഫ് അഫ്രീദി
ലാഹോർ: വിരമിച്ച് വിശ്രമത്തിലേക്ക് മടങ്ങാനുള്ള പ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താന്റെ ഇടംകൈയൻ സ്പിന്നർ ആസിഫ് അഫ്രീദി. ഈ വരുന്ന ഡിസംബർ 25ന് 39 വയസ്സ് തികയാനിരിക്കേയാണ് ആസിഫ് ടെസ്റ്റിൽ ആദ്യമായി കളത്തിലെത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആരംഭിച്ച രണ്ടാം ടെസ്റ്റിലായിരുന്നു ടീമിലെ കാരണവരായി ആസിഫ് അഫ്രീദിക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. പാകിസ്താന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും പ്രായംകൂടിയ മൂന്നാമത്തെ അരങ്ങേറ്റമാണ് ആസിഫിന്റേത്. 1955ൽ ഇന്ത്യക്കെതിരെ തന്റെ 47-ാം വയസ്സിൽ ആദ്യമായി ടെസ്റ്റ് കളിച്ച മിറാൻ ബക്ഷാണ് ഏറ്റവും പ്രായമേറിയ അരങ്ങേറ്റക്കാരൻ.
44 വർഷവും 45 ദിവസവും പ്രായമുള്ളപ്പോൾ ടെസ്റ്റിൽ അരങ്ങേറിയ ആമിർ ഇലാഹിയാണ് രണ്ടാമൻ. 1952ൽ ആസ്ട്രേലിയക്കെതിരെയായിരുന്നു ഇലാഹിയുടെ അരങ്ങേറ്റം.
ആഭ്യന്തര ക്രിക്കറ്റിൽ ഒത്തുകളിക്ക് പിടിക്കപ്പെട്ട് ഒരു വർഷത്തോളം വിലക്ക് നേരിട്ട ചരിത്രവും ആസിഫിനുണ്ട്. എന്നാൽ, ആറു മാസം മാത്രം വിലക്ക് അനുഭവിച്ച ശേഷം തിരികെ വരാൻ പി.സി.ബി അനുവാദം നൽകുകയായിരുന്നു. 2023ലായിരുന്നു ഈ ഒത്തുകളി വിവാദം. 2022ൽ താരം ഏകദിന ടീമിലും, ട്വന്റി20 ടീമിലും അരങ്ങേറിയിരുന്നു.
പെഷാവറുകാരനായ ആസിഫ് 57 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളിൽനിന്ന് 198 വിക്കറ്റ് നേടിയാണ് ഇപ്പോൾ ദേശീയ ടീമിൽ ഇടം നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്താൻ 93 റൺസിന് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

