കോഹ്‌ലി, രാഹുൽ, ഷമി...; ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയുടെ ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഞായറാഴ്ച ടീം ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ഇന്ത്യൻ നായകൻ രോഹിത് ശർമ കലാശപ്പോരിലെ താരമായപ്പോൾ, ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്രയെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തു. ആവേശകരമായ ടൂർണമെന്റിൽ ഒറ്റ തോൽവി പോലും അറിയാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇപ്പോൾ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ജേതാക്കളായ ടീം ഇന്ത്യയിൽനിന്ന് അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്.
മിച്ചൽ സാന്റ്നർ നയിക്കുന്ന ടീമിൽ, ടൂർണമെന്‍റിൽ 62.75 ശരാശരിയിൽ 251 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് ഓപണിങ് സ്ഥാനത്തെത്തുന്നത്. കിവീസിനായി മികച്ച സ്പിൻ ആക്രമണം പുറത്തെടുക്കാനും താരത്തിനായി. അഫ്നാനിസ്താന്റെ ഇബ്രാഹിം സദ്റാനാണ് രചിന്റെ ഓപണിങ് പെയർ. ഒരു സെഞ്ച്വറി ഉൾപ്പെടെ 216 റൺസാണ് സദ്റാന്റെ ചാമ്പ്യൻസ് ട്രോഫി സമ്പാദ്യം.
ഇന്ത്യയുടെ റൺ മെഷീൻ വിരാട് കോഹ്‌ലി മൂന്നാം നമ്പരിൽ ഇടംനേടി. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കോഹ്‌ലി, ടൂർണമെന്റിലാകെ 54.5 ശരാശരിയിൽ 218 റൺസാണ് സ്വന്തമാക്കിയത്. വിമർശകരുടെ വായടപ്പിച്ച് തിരിച്ചുവരവ് ആഘോഷിച്ച ശ്രേയസ് അയ്യരാണ് നാലാം നമ്പരിലുള്ളത്. ടൂർണമെന്റിലാകെ 243 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ വിശ്വസ്ത താരമായ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ അഞ്ചാം നമ്പരിൽ ഇടംനേടി. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ രാഹുലിനെ പുറത്താക്കുന്നതിൽ എതിർ ടീമുകൾ പരാജയപ്പെട്ടു.
കിവീസ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ്, അഫ്ഗാൻ താരം അസ്മത്തുല്ല ഒമർസായ്, ഇന്ത്യൻ ബോളിങ്ങിനെ നയിച്ച മുഹമ്മദ് ഷമി, ന്യൂസിലൻഡിന്‍റെ മാറ്റ് ഹന്റെി, ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരാണ് ആദ്യ പതിനൊന്നിലെ മറ്റു താരങ്ങൾ. അക്സർ പട്ടേലാണ് പന്ത്രണ്ടാമൻ. സെമിയിലെത്തിയ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ആതിഥേയരായ പാകിസ്താൻ ടീമുകളിൽനിന്ന് ഒരാൾക്കുപോലും ഐ.സി.സി ടീമിൽ ഇടം നേടാനായില്ല.
ഐ.സി.സി ചാമ്പ്യൻസ് ട്രോഫി സ്ക്വാഡ്: രചിൻ രവീന്ദ്ര, ഇബ്രാഹിം സദ്റാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാുൽ, ഗ്ലെൻ ഫിലിപ്സ്, അസ്മത്തുല്ല ഒമർസായി, മിച്ചൽ സാന്റ്നർ, മുഹമ്മദ് ഷമി, മാറ്റ് ഹെന്റ്റി, വരുൺ ചക്രവർത്തി. പന്ത്രണ്ടാമൻ: അക്സർ പട്ടേൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.