318 നോട്ടൗട്ട്! ട്വന്‍റി20 ക്രിക്കറ്റിൽ ആദ്യം; ചരിത്ര നേട്ടം സ്വന്തമാക്കി തിലക് വർമ
text_fieldsചെന്നൈ: അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ താരം തിലക് വർമ. നാലു ഇന്നിങ്സുകളിൽനിന്ന് പുറത്താകാതെ താരം നേടിയത് 318 റൺസാണ്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യയുടെ വിജയശിൽപി തിലകായിരുന്നു. മുൻനിര ബാറ്റർമാർ പരാജയപ്പെട്ട മത്സരത്തിൽ തകർത്തടിച്ച തിലക് 55 പന്തിൽ 72 റൺസെടുത്ത് പുറത്താകാതെ നിന്നു. അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിൽ താരം അവസാനം പുറത്തായത് നാലു മത്സരം മുമ്പാണ്. തുടർച്ചയായ നാലു ഇന്നിങ്സുകളിൽ എതിരാളികൾക്ക് താരത്തെ പുറത്താക്കാനായിട്ടില്ല, അടിച്ചുകൂട്ടിയത് 318 റൺസും.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 56 പന്തില്‍ 107*, 47 പന്തില്‍ 107* എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോർ. ഇംഗ്ലണ്ടിനെതിരെ രണ്ടു മത്സരങ്ങളിലായി 19, 72 റൺസെടുത്ത് പുറത്താകാതെ നിന്നു. ന്യൂസീലൻഡ് താരം മാർക്ക് ചാപ്മാന്റെ റെക്കോഡാണ് തിലക് മറികടന്നത്. ആകെ അഞ്ച് ഇന്നിങ്സുകളിൽനിന്ന് പുറത്താകാതെ ചപ്മാൻ 271 റൺസ് നേടിയിരുന്നു. 65*, 16*, 71*, 104* 15 എന്നിങ്ങനെയായിരുന്നു ചാപ്മാന്റെ പ്രകടനങ്ങൾ. ആസ്ട്രേലിയയുടെ മുൻ നായകൻ ആരോൺ ഫിഞ്ച് രണ്ട് ഇന്നിങ്സുകളിൽനിന്ന് പുറത്താകാതെ 240 റൺസടിച്ച് മൂന്നാം സ്ഥാനത്തുണ്ട്.
ഇന്ത്യൻ താരം ശ്രേയസ് അയ്യരും ഫിഞ്ചിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്. നാല് ഇന്നിങ്സുകളിൽനിന്ന് അടിച്ചെടുത്തത് 240 റൺസ്. 57*, 74*, 73*, 36 എന്നിങ്ങനെയാണ് സ്കോർ. ഇംഗ്ലണ്ടിന്‍റെ ശരാശരി ടോട്ടലായിട്ടും ഇടക്കുവെച്ച് കൈവിട്ടെന്ന് തോന്നിച്ചേടത്ത് തിലക് വർമയെന്ന ഒറ്റയാൻ കരുത്തോടെ തേരുതെളിച്ചാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് കുറിച്ചത് ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 165 റൺസ്. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ശരാശരി സ്കോറിലേക്ക് ഇംഗ്ലീഷ് ബാറ്റിങ്ങിനെ നയിച്ച ക്യാപ്റ്റൻ ജോസ് ബട്‍ലറെയും മധ്യനിരയിലെ ലിയാം ലിവിങ്സ്റ്റണിനെയും മടക്കി അക്സർ പട്ടേൽ തിളങ്ങിയപ്പോൾ സ്പിന്നിൽ പുതുശക്തിയായ വരുൺ ചക്രവർത്തിയും മികച്ച കൂട്ടുനൽകി. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സൂര്യകുമാറിന്റെ കണക്കുകൂട്ടലുകൾ ശരിയെന്ന് തോന്നിച്ച് ഓപണർമാരായ ഫിൽ സാൾട്ട് നാലു റണ്ണെടുത്തും ബെൻ ഡക്കറ്റ് മൂന്നു റണ്ണുമായും മടങ്ങി. അർഷ്ദീപ് സിങ്ങിനും പുതുതായി ഇടംനേടിയ വാഷിങ്ടൺ സുന്ദറിനുമായിരുന്നു വിക്കറ്റ്.
പിന്നീടെത്തിയ ക്യാപ്റ്റൻ ബട്‍ലർ പക്ഷേ, ഇംഗ്ലീഷ് ബാറ്റിങ്ങിന് താളം നൽകാൻ ശ്രമിച്ചു. ബൗളർമാരെ ദയയില്ലാതെ നേരിട്ട ക്യാപ്റ്റൻ അർധ സെഞ്ച്വരിക്കരികെ 30 പന്തിൽ 45 റണ്ണെടുത്ത് തിലക് വർമക്ക് ക്യാച്ച് നൽകി. മധ്യനിരയിൽ ഹാരി ബ്രൂക്കും ലിവിങ്സ്റ്റണും കാര്യമായി തിളങ്ങാനാകാതെ മടങ്ങിയത് തിരിച്ചെടിയായെങ്കിലും 22 റണ്ണെടുത്ത ജാമി സ്മിത്തും വാലറ്റത്ത് ഉജ്വലമായി പിടിച്ചുനിന്ന ബ്രൈഡൻ കാർസും (17 പന്തിൽ 31) ടീമിന് പൊരുതാവുന്ന സകോർ നൽകി. ജൊഫ്ര ആർച്ചർ 12ഉം ആദിൽ റാശിദ് 10 റണ്ണെടുത്തപ്പോൾ മാർക് വുഡ് അഞ്ച് റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളിങ് നിരയിൽ വരുൺ ചക്രവർത്തി 38 റൺ നൽകി രണ്ടുവിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഓപണിങ് ജോഡികളായ അഭിഷേക് ശർമയും സഞ്ജുവും നേരത്തെ പുറത്തായി. സഞ്ജു അഞ്ചു റണ്ണും അഭിഷേക് 12ഉം മാത്രമാണ് എടുത്തത്. വൺഡൗണായി എത്തിയ തിലക് വർമ പക്ഷേ, കീഴടങ്ങാൻ തയാറായിരുന്നില്ല. ഒരുവശത്ത്, വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും കരുതലോടെ കളിച്ച തിലക് അർധ സെഞ്ച്വറി കുറിച്ച് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാലറ്റത്ത് വാഷിങ്ടൺ സുന്ദർ 26 റണ്ണുമെടുത്തു. നാലോവറിൽ 60 റൺസ് നൽകിയ ജൊഫ്ര ആർച്ചർ നന്നായി തല്ലുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

