അയർലൻഡിനെതിരെ ആറ് വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതകൾ
text_fieldsരാജ്കോട്ട്: പ്രതിക റാവലും തേജൽ ഹസാബ്നിസും ബാറ്റിങ്ങിൽ തിളങ്ങിയ മത്സരത്തിൽ അയർലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ്ചെയ്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റിന് 238 റൺസെടുത്തു. അടിച്ചുതകർത്ത ഇന്ത്യൻ ബാറ്റർമാർ 34.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
96 പന്തിൽ 89 റൺസാണ് ഓപണർ പ്രതിക റാവൽ വാരിക്കൂട്ടിയത്. പത്ത് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു കരിയർ ബെസ്റ്റ് പ്രകടനം. 46 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്ന ഹസബ്നിസ് ഇന്ത്യൻ വിജയം എളുപ്പമാക്കി. ഇരുവരും നാലാം വിക്കറ്റിൽ 84 പന്തിൽ 116 റൺസ് കൂട്ടിച്ചേർത്തു.
വെസ്റ്റിൻഡീസ് പര്യടനത്തിലെ ഫോം തുടർന്ന ക്യാപ്റ്റൻ സ്മൃതി മന്ദാന മികച്ച തുടക്കമാണ് സമ്മാനിച്ചത്. 29 പന്തിൽ 41 റൺസാണ് സ്മൃതി നേടിയത്. ആറ് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു സീനിയർ താരത്തിന്റെ ഇന്നിങ്സ്. ഏകദിനത്തിൽ 4000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. പ്രതികയുമായി ചേർന്ന് 70 റൺസ് ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. അയർലൻഡ് ക്യാപ്റ്റൻ ഗാബി ലൂയിസ് 92 റൺസ് നേടി. ലീ പേൾ 59ഉം റൺസെടുത്തു. പ്രതികയാണ് േപ്ലയർ ഓഫ് ദ മാച്ച്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. രണ്ടാം ഏകദിനം നാളെയാണ്. എല്ലാ മത്സരങ്ങൾക്കും രാജ്കോട്ടാണ് വേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.