32 പന്തിൽ സെഞ്ച്വറി; വൈഭവിനെ വെല്ലുന്ന വെടിക്കെട്ടുമായി സഹതാരം, സകീബുൽ ഗനിക്ക് റെക്കോഡ്
text_fieldsസകീബുൽ ഗനി
റാഞ്ചി: ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോഡുകളാണ് വിജയ് ഹസാരെ ട്രോഫിയുടെ ആദ്യദിനം പിറന്നത്. സീനിയർ, ജൂനിയർ താരങ്ങൾ വ്യത്യാസമില്ലാതെ റെക്കോഡുകൾ തിരുത്തിക്കുറിച്ചത് ക്രിക്കറ്റ് ആരാധകർക്കും കൗതുകമായി. അരുണാചൽ പ്രദേശിനെതിരേ 50 ഓവറിൽ ബിഹാർ ആറു വിക്കറ്റിന് 574 റൺസെടുത്ത് ചരിത്രം കുറിച്ചത് ഇതിൽ ശ്രദ്ധേയമായി. മത്സരത്തിൽ ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയേക്കാൾ അപകടകാരിയായ ഒരാളുണ്ടായിരുന്നു ബിഹാറിന്റെ ബാറ്റിങ് നിരയിൽ. ക്യാപ്റ്റൻ സകീബുൽ ഗനി.
സമീപകാലത്ത് കളിച്ച എല്ലാ ടൂർണമെന്‍റിലും വമ്പൻ ഷോട്ടുകളിലൂടെ ആരാധകരെ കൈയിലെടുത്ത വൈഭവ് സൂര്യംവംശി ഇന്നും സെഞ്ച്വറിയടിച്ചു. എന്നാൽ വൈഭവിന്‍റെ വെടിക്കെട്ടിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സകീബുൽ ഗനി പുറത്തെടുത്തത്. 36 പന്തിൽ സെഞ്ച്വറിയും 84 പന്തിൽനിന്ന് 15 സിക്‌സറുകളും 16 ബൗണ്ടറികളുമടക്കം 190 റൺസെടുത്ത് വൈഭവ് ഞെട്ടിച്ചപ്പോൾ, വെറും 32 പന്തിൽനിന്ന് സെഞ്ച്വറി കുറിച്ചാണ് ഗനി റെക്കോഡ് ബുക്കിൽ തന്‍റെ പേരെഴുതി ചേർത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡാണ് ഗനി സ്വന്തമാക്കിയത്.
2024ൽ അരുണാചലിനെതിരെ 35 പന്തിൽ സെഞ്ചുറിയടിച്ച പഞ്ചാബ് താരം അൻമോൾപ്രീത് സിങ്ങിന്റെ റെക്കോഡാണ് റാഞ്ചിയിൽ ഗനി തിരുത്തിയത്. 40 പന്തുകൾ നേരിട്ട്, 12 സിക്‌സും 10 ഫോറുമടക്കം 128 റൺസോടെ ഗനി പുറത്താകാതെ നിന്നു. നേരിട്ടതിൽ അഞ്ചു പന്തുകൾ മാത്രമാണ് ഡോട്ടായതെന്നതും ശ്രദ്ധേയമാണ്. 26കാരനായ ഗനി ബിഹാറിലെ മോത്തിഹാരി സ്വദേശിയാണ്. ബാറ്റിങ് ഓൾറൗണ്ടറായ അദ്ദേഹം വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടയാളല്ല. ലിസ്റ്റ് എ ക്രിക്കറ്റിൽ 71.95 മാത്രമാണ് ഗനിയുടെ സ്‌ട്രൈക്ക് റേറ്റ്. എന്നാൽ, അരുണാചലിനെതിരെ താരത്തിന്റെ വ്യത്യസ്തമായ ബാറ്റിങ് സമീപനമാണ് ക്രിക്കറ്റ് ലോകം കണ്ടത്.
വൈഭവും ഗനിയും കത്തിക്കയറിയതോടെ 50 ഓവറിൽ ആറിന് 574 റൺസെന്ന റെക്കോഡ് സ്‌കോറാണ് ബിഹാർ പടുത്തുയർത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഉയർന്ന സ്‌കോറാണിത്. വൈഭവിനും ഗനിക്കും പുറമെ ആയുഷ് ലൊഹാരുകയും ബിഹാറിനായി സെഞ്ച്വറി നേടി. ഒരു ലിസ്റ്റ് ‘എ’ മാച്ചിൽ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതോടെ ബിഹാറിന്‍റെ പേരിലായി. 2022ൽ തമിഴ്നാട് അരുണാചലിനെതിരെ തന്നെ നേടിയ 506 റൺസ് എന്ന റെക്കോഡാണ് ബിഹാർ തിരുത്തിയത്. മറുപടി ബാറ്റിങ്ങിൽ അരുണാചൽ 177ന് പുറത്തായതോടെ 397 റൺസിന്‍റെ വമ്പൻ ജയമാണ് ബിഹാർ ടീം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

