‘ഒമ്പതാമനായി ഇറങ്ങി, ഒമ്പത് മിനിറ്റ് പോലും കളിച്ചില്ല, മറ്റൊരു യുവ കീപ്പർക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും’; ധോണിക്ക് ആരാധകരുടെ ‘പൊങ്കാല’
text_fieldsചെന്നൈ: വെറ്ററൻ താരം എം.എസ്. ധോണി നായകനായി തിരിച്ചെത്തിയിട്ടും ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് രക്ഷയില്ല! സീസണിലെ ഏറ്റവും ചെറിയ സ്കോർ കുറിച്ച മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 103 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 10.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ഐ.പി.എല്ലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. ക്യാപ്റ്റനായുള്ള തിരിച്ചുവരവിലും ധോണി ആരാധകരെ നിരാശപ്പെടുത്തി. ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ താരം നാലു പന്തിൽ ഒരു റണ്ണെടുത്ത് പുറത്തായി. സുനിൽ നരെയ്ന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് ഔട്ടായത്.
ധോണി ഒരിക്കൽകൂടി പരാജയപ്പെട്ടതിന്‍റെ രോഷവും നിരാശയും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെയാണ് പരസ്യമാക്കിയത്. ‘ബ്രോ ഒമ്പതാമനായി ഇറങ്ങി. ബ്രോ ഒമ്പത് മിനിറ്റ് പോലും കളിച്ചില്ല’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു. എന്തിനാണ് ധോണി ഇപ്പോഴും കളിക്കുന്നതെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ‘മുൻകാല പ്രകടനത്തിന്റെ ബലത്തിൽ മാത്രം താരത്തെ ടീമിൽ നിലനിർത്തുന്നത് കടന്ന കൈയാണ്. മറ്റൊരു യുവ കീപ്പർക്ക് സി.എസ്.കെക്കുവേണ്ടി അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. ഒരു വ്യക്തിയും മത്സരത്തിനു മുകളിലല്ല’ -സുരേഷ് കൃഷ്ണൻ എന്ന ആരാധകൻ എക്സിൽ വിമർശിച്ചു.
ധോണിയെപ്പോലുള്ള ഒരുതാരം ഇപ്പോഴും തന്റെ പാരമ്പര്യത്തിന് കോട്ടം വരുത്തി ഐ.പി.എല്ലിൽ കളിക്കുന്നത് എന്തിനാണെന്നും ആരാധകർ ചോദിക്കുന്നുണ്ട്. താരം ഇപ്പോഴും ഐ.പി.എൽ കളിക്കുന്നതിന് ഒരു യുക്തിസഹമായ ഒരു കാരണവും കണ്ടെത്താനാകുന്നില്ല. രാഷ്ട്രീയക്കാർ വിരമിക്കാറില്ല, മുൻനിര നടന്മാർ മസാല സിനിമകൾ വീണ്ടും വീണ്ടും ചെയ്യുന്നു. എവിടെയാണ് പ്രശ്നമെന്നും ഒരു ആരാധകർ ചോദിക്കുന്നു. കൈമുട്ടിന് പരിക്കേറ്റ് ഋതുരാജ് ഗെയ്ക്‌വാദ് ടീമിൽനിന്ന് പുറത്തായതിനു പിന്നാലെയാണ് ധോണി വീണ്ടും ടീമിന്‍റെ നായകനായി മടങ്ങിയെത്തിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടീമിനെ നയിച്ചതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോഡ് ധോണി സ്വന്തമാക്കിയിരുന്നു. സ്വന്തം കാണികൾക്കു മുമ്പിൽ ചെന്നൈയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ ഒമ്പതിന് 103, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 10.1 ഓവറിൽ രണ്ടിന് 107.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

