രാജസ്ഥാൻ വിട്ട് സഞ്ജു ചെന്നൈയിലേക്ക്? വൈറലായി താരത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
text_fieldsകൊച്ചി: മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക്? സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടീം മാറ്റത്തെ കുറിച്ചാണ്.
സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇത്തരത്തിലൊരു പ്രചാരണത്തിന് തുടക്കമിട്ടത്. മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് പ്രചാരണം. സീസണിൽ രാജസ്ഥാൻ പോയന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിക്കേറ്റ സഞ്ജുവിന് സീസണിലെ പല മത്സരങ്ങളും നഷ്ടമായിരുന്നു. പകരം റയാൻ പരാഗാണ് ടീമിനെ നയിച്ചത്.
ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത രണ്ടു വാക്കുകളാണ് സഞ്ജു ചെന്നൈയിലേക്ക് പോകുകയാണെന്ന വ്യാഖ്യാനത്തിന് ഇടയാക്കിയത്. ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്ന ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സഞ്ജു ചെന്നൈയിലേക്ക് പോകുകയാണെന്ന സംശയം പ്രകടിപ്പിച്ച് കുറിപ്പിട്ടത്.
റോഡിലെ മഞ്ഞലൈൻ മുറിച്ചുകടക്കുന്ന ചിത്രത്തിന് ‘ടൈം ടു മൂവ്’ എന്ന് ക്യാപ്ഷൻ നൽകിയത് ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന് പല ആരാധകരും ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിനൊപ്പം ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേർത്തതിനും ആരാധകർക്ക് വ്യക്തമായ മറുപടിയുണ്ട്. ചെന്നൈയിലേക്കുള്ള വരവിന്‍റെ സൂചനയാണ് ഈ ഗാനമെന്നാണ് ആരാധകരുടെ പക്ഷം.
സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, സഞ്ജു രാജസ്ഥാൻ വിടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.