ആ പരാഗിനെയും പടിക്കലിനെയും കൊണ്ട് എന്തുകാര്യം?; രാജസ്ഥാന്‍റെ തോൽവിക്കു പിന്നാലെ പരിഹാസവുമായി ആരാധകർ
text_fieldsഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനോട് 10 റൺസിനാണ് സഞ്ജുവും സംഘവും കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. രാജസ്ഥാൻ റോയൽസിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ ആറിന് 144 റൺസിൽ തീർന്നു.
ലഖ്നോ താരങ്ങളായ ആവേശ് ഖാന്‍റെയും മാർക്സ് സ്റ്റോനിസിന്‍റെയും ക്ലിനിക്കൽ ബൗളിങ് പ്രകടനമാണ് 155 റൺസ് പിന്തുടർന്ന രാജസ്ഥാനെ 144 റൺസിലൊതുക്കിയത്. ഓപണർമാരായ യശസ്വി ജയ്സ്വാളും (35 പന്തിൽ 44) ജോസ് ബട് ലറും (41 പന്തിൽ 40) രാജസ്ഥാന് മികച്ച തുടക്കം നൽകിയിട്ടും ജയിക്കാനാവാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. 87 റൺസാണ് ഇരുവരും ഒന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും ഷിംറോൺ ഹിറ്റ്മെയറും രണ്ട് വീതം റൺസെടുത്ത് മടങ്ങിയത് തിരിച്ചടിയായി.
21 പന്തിൽ 26 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലും റിയാൻ പരാഗും (12 പന്തിൽ 15) പ്രതീക്ഷ നൽകിയെങ്കിലും ജയത്തിലെത്താനായില്ല. പിന്നാലെ ഇരുവർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ രോഷാകുലരായാണ് പ്രതികരിച്ചത്. പരാഗിനെതിരെ മുൻ പരിശീലകൻ രവി ശാസ്ത്രിയും രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. പരാഗിന്‍റെ വേഗത കുറഞ്ഞ ബാറ്റിങ്ങാണ് മത്സരത്തിന്‍റെ ഗതി തിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പടിക്കലിനെയും പരാഗിനെയും കൊണ്ട് രാജസ്ഥാൻ റോയൽസ് ഒരിക്കലും ജയിക്കില്ലെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ഈ ഐ.പി.എല്ലിലെ ഏറ്റവും മോശം മത്സരമായി ഇതിനെ പ്രഖ്യാപിക്കാമോയെന്ന് അഭി ദേശായ് എന്നൊരാൾ പരിഹസിച്ചു. ടീം സെലക്ടർമാരെയും ആരാധകർ വിമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

