ആ തീരുമാനം വെറും 'മണ്ടത്തരം'; ഋഷഭ് പന്തിന് വിമർശനം
text_fieldsചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള തോൽവിക്ക് ശേഷം ലഖ്നൊ സൂപ്പർ ജയന്‍റ്സ് നായകൻ ഋഷഭ് പന്തിന് വിമർശനം. ലഖ്നൊവിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സി.എസ്.കെയുടെ വിജയം. മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ രവി ബിഷ്ണോയ്ക്ക് മുഴുവൻ ഓവറും നൽകാത്തതിനാലാണ് പന്തിന് നേരെ വിമർശനം ഉയർന്നത്.
മൂന്ന് ഓവറിൽ വെറും 18 റൺസ് വഴങ്ങിയ ബിഷ്ണോയ്ക്ക് പന്തും ലഖ്നൊവും നാലാം ഓവർ നൽകിയില്ല. അഞ്ച് ഓവറിൽ സി.എസ്.കെക്ക് 56 റൺസ് വിജ.ിക്കാൻ ആവശ്യമുള്ളപ്പോഴായിരുന്നു നായകൻ എം.എസ്. ധോണി എത്തിയത്. ഇതിന് ശേഷം തുടർച്ചയായി പേസ് ബൗളർമാരാണ് ലഖ്നൊവിന് വേണ്ടി പന്തെറിഞ്ഞത്. മത്സരം സി.എസ്.കെ അനായസമായി വിജയിക്കുകയും ചെയ്തു.
ധോണി സ്പിന്നർമാർക്കെതിരെ കഴിഞ്ഞ കുറച്ചുനാളായി മോശം ഫോമിലാണെന്നുള്ളതും, ദുബെ സ്പിന്നിനെതിരെ ഈ മത്സരത്തിൽ പരുങ്ങുകയായിരുന്നുവെന്നുള്ളതൊന്നും പന്ത് കാര്യത്തിലെടുത്തില്ല. മൂന്ന് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത ബിഷ്ണോയ് ഒരു ഓവർ കൂടി അർഹിക്കുന്നുണ്ടായിരുന്നുവെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വാദിക്കുന്നത്. കമന്‍ററി ബോക്സിൽ നിന്നും ബിഷ്ണോയുടെ ക്വാട്ട തീർക്കാത്തതിൽ വിമർശനമുയർന്നിരുന്നു. മത്സര ശേഷം ഇത് ടീമിന്‍റെ തീരുമാനമായിരുന്നുവെന്നാണ് പന്ത് പറഞ്ഞത്.
മത്സരത്തിൽ ലഖ്നോവിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 19.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ധോണിയുടെ അവസാന ഓവറുകളിലെ വമ്പനടികളാണ് ചെന്നൈക്ക് ജയം സാധ്യമാക്കിയത്. 11 പന്തിൽ ഒരു സിക്‌സും നാല് ഫോറും സഹിതം 26 റൺസാണ് നായകന്റെ സമ്പാദ്യം.ഇംപാക്ട് പ്ലെയറായത്തിയ ശിവം ദുബെയാണ് (37 പന്തിൽ 43 റൺസ്) ചെന്നൈയുടെ ടോപ് സ്കോറർ.
നേരത്തെ, സീസണിൽ നായകൻ ഋഷഭ് പന്ത് ആദ്യമായി ഫോം കണ്ടെത്തിയിട്ടും ചെന്നൈക്കെതിരെ സീസണിലെ ഏറ്റവും ചെറിയ സ്കോറാണ് ലഖ്നോ സൂപ്പർ ജയൻ്റ്സ് കുറിച്ചത്. 49 പന്തിൽ നാലു സിക്സും നാലു ഫോറുമടക്കം 63 റൺസെടുത്താണ് പന്ത് പുറത്തായത്. മതീഷ പതിരനയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് നൽകിയാണ് താരം ഔട്ടായത്. മിച്ചൽ മാർഷും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തിൽ 30 റൺസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.