‘ഗില്ലിന് പോലും പകരക്കാരനാകാൻ കഴിയില്ല’; ഓപണറാകാൻ മികച്ചയാൾ സഞ്ജു തന്നെയെന്ന് രവി ശാസ്ത്രി
text_fieldsശുഭ്മൻ ഗിൽ, സഞ്ജു സാംസൺ
മുംബൈ: ഏഷ്യാകപ്പ് ട്വന്റി20 ടൂർണമെന്‍റ് ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയുടെ അന്തിമ ഇലവനും താരങ്ങളുടെ റോളും സംബന്ധിച്ച ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഉപനായകനാകുമ്പോൾ മലയാളി താരം സഞ്ജു സാംസണ് പകരം ഓപണറാക്കിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഓപണിങ് റോളിൽ സഞ്ജുവിന് പകരം മറ്റാരെയും ഇറക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ പരിശീലകൻ രവി ശാസ്ത്രി. ചൊവ്വാഴ്ച തുടങ്ങുന്ന ടൂർണമെന്‍റിൽ ബുധനാഴ്ച യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
“ടോപ് ഓഡറിലെ മൂന്ന് ബാറ്റർമാരിൽ ഏറ്റവും അപകടകാരിയാണ് സഞ്ജു. അവിടെയാണ് അദ്ദേഹത്തിന് മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കാനാകുക. അദ്ദേഹത്തെ അതേ പൊസിഷനിൽ തുടരാൻ അനുവദിക്കണം. ഗില്ലിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയെന്നത് ഗുണകരമാകില്ല. ടോപ് ഓഡറിൽ സഞ്ജുവിനുള്ള റെക്കോഡ് മറികടക്കാൻ ഗില്ലിനെക്കൊണ്ടുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ മറ്റാർക്കെങ്കിലും പകരം ഗില്ലിനെ പരിഗണിക്കാം. നിലവിൽ കളിക്കുന്നതു പോലെ തന്നെ സഞ്ജുവിനെ തുടരാൻ അനുവദിക്കണം. ടോപ് ഓഡറിൽ അദ്ദേഹം സ്ഥിരത പുലർത്തുന്നുമുണ്ട്” -രവി ശാസ്ത്രി പറഞ്ഞു.
ഏഷ്യാകപ്പ് ടൂർണമെന്‍റിൽ സ്പിൻ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. ദുബൈയിൽ ഉൾപ്പെടെ നിലവിലുള്ള ചൂടുകൂടിയ കാലാവസ്ഥയും പിച്ചിന്‍റെ സ്വഭാവവും സ്പിന്നിന് അനുകൂലമാകും. അഫ്ഗാനിസ്താൻ പോലെയുള്ള ടീമുകൾ നാല് സ്പിന്നർമാരുമായി കളത്തിലിറങ്ങിയേക്കും. അതിപ്പോൾ രണ്ടോ മൂന്നോ ആയാൽപോലും മോശമാകില്ല. ഇന്ത്യക്ക് സ്പിന്നർമാരുടെ ക്ഷാമമില്ലാത്തതിനാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുൻ സ്പിൻ ബൗളിങ് ഓൾറൗണ്ടർ കൂടിയായ ശാസ്ത്രി പറഞ്ഞു.
വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു കഴിഞ്ഞ വർഷമാണ് ടീം ഇന്ത്യയുടെ ഓപണിങ് റോളിലെത്തിയത്. 41 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 861 റൺസാണ് താരം അടിച്ചെടുത്തത്. ഓപണറായ 12 ഇന്നിങ്സിൽ മൂന്ന് അന്താരാഷ്ട്ര ടി20 സെഞ്ച്വറികൾ താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നു. 152.38 ആണ് പ്രഹരശേഷി. ഓപണിങ് റോളിൽനിന്ന് ബാറ്റിങ് ഓഡറിൽ താഴേക്കിറങ്ങിയപ്പോൾ പലപ്പോഴും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജുവിന് കാഴ്ചവെക്കാനായത്. ഇതോടെ താരത്തെ ഓപണിങ് റോളിൽതന്നെ കളിപ്പിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ്, ഒരു വർഷത്തിലേറെയായി ടി20 ഫോർമാറ്റിൽ പരിഗണിക്കാതിരുന്ന ഗില്ലിനെ സെലക്ടർമാർ ടീമിലെത്തിച്ചത്. ഇതോടെ അഭിഷേക് ശർമക്കൊപ്പം ഓപണറായി ഗില്ലിനെ ഇറക്കുമെന്നും സഞ്ജുവിനെ മിഡിൽ ഓഡറിൽ കളിപ്പിക്കുമെന്നും അഭ്യൂഹം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

