മകന്‍റെ പന്തിൽ സിക്സർ, ഗ്യാലറിയിൽ ക്യാച്ചെടുത്ത് അച്ഛൻ! പിണങ്ങി അമ്മ; ബി.ബി.എല്ലിൽ രസകരമായ സംഭവം-Video
text_fieldsബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ അരങ്ങേറിയ രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. മകൻ എറിഞ്ഞ പന്ത് ബാറ്റർ സിക്സറടിച്ചു. ഗ്യാലറിയിൽ കാണികളുടെ ഇടയിൽ നിന്നും പന്തെറിഞ്ഞ താരത്തിന്‍റെ അച്ഛൻ ക്യാച്ചെടുത്തു. ഇതിന് ശേഷം അമ്മ ക്യാച്ചെടുത്ത അച്ഛനോട് പിണക്കം കാണിക്കുന്നു. ചിരിച്ചുകൊണ്ടാണ് കമന്‍റേറ്റർമാർ സംഗതി ഏറ്റെടുക്കുന്നത്.
അഡ്ലെയഡ് ഓവലിൽ നടന്ന അഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സ് - ബ്രിസ്ബെയ്ൻ ഹീറ്റ് മത്സരത്തിനിടയിലാണ് കൗതുകമുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സ്ട്രൈക്കേഴ്‌സ് പേസർ ലിയാം ഹാസ്കെറ്റിനെ ബ്രിസ്‌ബെയ്ൻ താരം നഥാൻ മക്‌സ്വീനി ലെഗ് സൈഡിലേക്ക് സിക്‌സറിന് പറത്തി. ഗാലറിയിലെത്തിയ പന്ത് കാണികളിലൊരാൾ മികച്ച രീതിയിൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
കമന്‍ററി ബോക്സിൽ നിന്നും ആദം ഗിൽക്രിസ്റ്റ് ഇത് ബൗളർ ലിയാം ഹാസ്കെറ്റിന്‍റെ അച്ഛനാണെന്ന് വ്യക്തമാക്കുകയായിരുന്നു. ശേഷം, അച്ഛനെയും അമ്മയെയും കാമറയിൽ വീണ്ടും കാണിക്കുന്നുണ്ട്. ക്യാച്ച് എടുത്ത അച്ഛനോട് താരത്തിന്‍റെ അമ്മ പിണങ്ങി ഇരിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
അതേസമയം, മത്സരത്തിൽ അഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സ് 56 റൺസിന്റെ വിജയം സ്വന്തമാക്കി. സ്ട്രൈക്കേഴ്‌സ് ഉയർത്തിയ 252 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹീറ്റ് 195 റൺസിൽ ഒതുങ്ങി. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്ട്രൈക്കേഴ്‌സ് മാറ്റ് ഷോർട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

