ഡ്രസ്സിങ് റൂമിലേത് വൈകാരിക കാഴ്ചയായിരുന്നു; ഒരു കോച്ച് എന്ന നിലയിൽ കണ്ടുനിൽക്കാനാവുന്നതല്ല -രാഹുൽ ദ്രാവിഡ്
text_fieldsഅഹമ്മദാബാദ്: മുഹമ്മദ് സിറാജിന്റെയും കെ.എൽ രാഹുലിന്റെ കവിളിലൂടെയും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഗ്രൗണ്ടിന് പുറത്ത് നടക്കുമ്പോൾ കണ്ണുനീർ മറയ്ക്കാൻ ക്യാപ്റ്റൻ രോഹിത് ശർമ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകൾ വഴങ്ങിയില്ല. വിരാട് കോഹ്‌ലി തൊപ്പി കൊണ്ട് മുഖം മറിച്ചു. അത്രയേറെ വൈകാരികമായിരുന്നു കലാശപ്പോരിനൊടുവിലെ ഇന്ത്യൻ ക്യാമ്പിലെ കാഴ്ച.
ഫൈനലിൽ ആസ്ട്രേലിയയോട് ആറു വിക്കറ്റ് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, ഡ്രസ്സിംഗ് റൂം ഒരു വൈകാരിക തകർച്ചയായിരുന്നുവെന്ന് സമ്മതിച്ചു.
"അതെ, തീർച്ചയായും, ഡ്രസ്സിംഗ് റൂമിലേത് വൈകാരിക കാഴ്ച തന്നെയായിരുന്നു. രോഹിത് ഇമോഷൻ അടക്കിവെക്കുന്നത് കാണാമായിരുന്നു. എല്ലാവരിലും വ്യത്യസ്തമായ വികാരപ്രകടനങ്ങൾ. ഒരു പരിശീലകനെന്ന നിലയിൽ ആ കാഴ്ചകൾ കണ്ടു നിൽക്കുക പ്രയാസമായിരുന്നു. എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും അവർ എന്താണ് ചെയ്തതെന്നും എനിക്കറിയാം. ഒരോരുത്തരും എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരാണ്. അതിനാൽ ഇത് കഠിനമാണ്, കണ്ടു നിൽക്കുക പ്രയാസവുമാണ്."- ദ്രാവിഡ് പറഞ്ഞു.
"നാളെ രാവിലെ സൂര്യൻ ഉദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഇതിൽ നിന്ന് പഠിക്കും. എല്ലാവരേയും പോലെ ഞങ്ങളും മുന്നോട്ട് പോകും. ഞാൻ ഉദ്ദേശിക്കുന്നത്, കായികതാരങ്ങൾ എന്ന നിലയിൽ അതാണ് ചെയ്യേണ്ടത്. സ്പോർട്സിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകാം. അത് അവിടെ കൊണ്ട് അവസാനിപ്പിക്കരുതെന്നാണ് അഭിപ്രായം."- രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.