ബുംറ തിരിച്ചെത്തി, ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു, ഇന്ത്യൻ നിരയിൽ ഒരു മാറ്റം മാത്രം
text_fieldsലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയ പേസ് കുന്തമുന ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.
കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ലോർഡ്സിൽ കളിക്കാനിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണക്ക് പകരമാണ് ബുംറ കളിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളിലും ടോസ് ഭാഗ്യം തുണച്ച ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ ചരിത്ര വിജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ശുഭ്മൻ ഗില്ലും സംഘവും ലോർഡ്സിലിറങ്ങുന്നത്.
സമാനപ്രകടനം ആവർത്തിച്ചാൽ പരമ്പരയിൽ മുന്നിലെത്താം. രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയ ബുംറയുടെ മടങ്ങിവരവ് ഇന്ത്യൻ ബൗളിങ്ങിനെ മൂർച്ചകൂട്ടും. ലീഡ്സിൽ അഞ്ച് വിക്കറ്റ് നേടിയിരുന്നു. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുമായി എഡ്ജ്ബാസ്റ്റൺ വാണ പേസ് സെൻസേഷൻ ആകാശ് ദീപും ഏഴുപേരെ പറഞ്ഞുവിട്ട മുഹമ്മദ് സിറാജും ഇംഗ്ലീഷ് ബാറ്റർമാർക്ക് തലവേദനയാകും.
ഓൾ റൗണ്ടർമാരായ രവീന്ദ്ര ജദേജയും വാഷിങ്ടൺ സുന്ദറും സ്ഥാനം നിലനിർത്തി. രണ്ട് ടെസ്റ്റും കളിച്ചിട്ടും ഒരു അർധ ശതകംപോലും നേടാനാവാതെപോയ മലയാളി താരം കരുൺ നായർക്ക് ഒരു അവസരം കൂടി നൽകി. നാല് വർഷത്തിനിടെ ഒരു ടെസ്റ്റ് പോലും കളിക്കാത്ത പേസർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ജോഷ് ടങ് പുറത്തായി. 2021ൽ പരിക്ക് കാരണം ടീമിൽനിന്ന് പുറത്തായ ആർച്ചർ പിന്നീട് ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ സജീവമായിരുന്നു. ആദ്യ കളി അഞ്ച് വിക്കറ്റിന് ജയിച്ച ആതിഥേയർ രണ്ടാം ടെസ്റ്റിൽ പക്ഷേ, പരാജയമായി. ബാറ്റർമാരിൽ ജാമി സ്മിത്ത് മാത്രമാണ് വിശ്വാസം കാത്തത്. ബൗളർമാർക്ക് ക്യാപ്റ്റൻ ഗില്ലടങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായില്ല. ഇംഗ്ലണ്ടിലെ മറ്റു പിച്ചുകളെപ്പോലെ പേസ് ബൗൾ സൗഹൃദമാണ് ലോർഡ്സും.
ഇന്ത്യൻ ടീ: ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ഷുഐബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

