350 തൊടാൻ ഇംഗ്ലണ്ട്, പത്ത് വിക്കറ്റ് കൊയ്യാൻ ഇന്ത്യ ; ലീഡ്സിലെ വിജയിയെ ഇന്നറിയാം
text_fieldsലീഡ്സ് : ആൻഡേഴ്സൻ - ടെൻഡുൽക്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേയ്ക്ക്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ പത്ത് വിക്കറ്റുകൾ കൈയ്യിലിരിക്കെ ഇംഗ്ലണ്ടിന് ഇനി 350 റണ്‍സ് കൂടിയാണ് വേണ്ടത്.
മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സിൽ 6 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 371 റണ്‍സായി മാറി. രണ്ടാം ഇന്നിങ്സിൽ ഓപണർ കെ.എൽ. രാഹുലും മധ്യനിരയിൽ ഋഷഭ് പന്തും സെഞ്ച്വറികളുമായി തിളങ്ങിയെങ്കിലും മറ്റാർക്കും ഫോമിലേക്ക് ഉയരാനാകാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. 137 റൺസ് നേടിയ രാഹുലാണ് ടോപ് സ്കോറർ. മലയാളി താരം കരുൺ നായർ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. 20 റൺസായിരുന്നു കരുണിന്റെ സമ്പാദ്യം. ഷാർദുൽ താക്കൂർ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രിത് ബുമ്ര (0) എന്നിവർ വന്നത് പോലെ മടങ്ങി. മൂന്ന് പേരും ജോഷ് ടംഗിന്റെ ഒരോവറിലാണ് മടങ്ങിയത്. അവസാനക്കാരൻ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (40 പന്തിൽ 25) നടത്തിയ പ്രകടനം ലീഡുയർത്താൻ സഹായിച്ചു. പ്രസിദ്ധിനെ ഷൊയ്ബ് ബഷീറാണ് മടക്കിയത്.ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ, ജോഷ് ടംഗ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ടംഗ് ഒരു ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. സ്കോർ: ഇന്ത്യ - 471 & 364, ഇംഗ്ലണ്ട് - 465.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇംഗ്ലണ്ട് 21 റണ്‍സെടുത്തിട്ടുണ്ട്. 9 റൺസുമായി ബെന്‍ ഡക്കറ്റും 12 റൺസെടുത്ത് സാക് ക്രോളിയുമാണ് ക്രീസിലുള്ളത്.ശേഷിക്കുന്ന മത്സരത്തിൽ 350 റൺസെടുത്ത് വിജയം കൊയ്യാൻ ഇംഗ്ലണ്ടും പത്ത് വിക്കറ്റുകളും പിഴുതെടുത്ത് വിജയതീരമണിയാന്‍ ഇന്ത്യയും കച്ച കെട്ടിയിറങ്ങുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

