ഇംഗ്ലണ്ടിന് നാണക്കേടിന്‍റെ റെക്കോഡ്; ഏകദിനത്തിൽ 300 പ്ലസ് റൺസ് നേടി ഏറ്റവും കൂടുതൽ തോറ്റ ടീം...
text_fieldsകട്ടക്ക്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 300നു മുകളിൽ റൺസ് നേടിയിട്ടും മത്സരം പരാജയപ്പെട്ട ഇംഗ്ലണ്ടിന് നാണക്കേടിന്‍റെ റെക്കോഡ്. ഇന്ത്യക്കു മുന്നിൽ 305 റൺസെന്ന വമ്പൻ വിജയലക്ഷ്യം വെച്ചിട്ടും നാലു വിക്കറ്റിനാണ് ഇംഗ്ലണ്ട് മത്സരം കൈവിട്ടത്.
ഒരു മത്സരം ബാക്കി നിൽക്കെ, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് നഷ്ടമായി. ഏകദിനത്തിൽ ഒരു മത്സരത്തിൽ 300ലധികം റൺസ് നേടിയിട്ടും ഇംഗ്ലണ്ട് തോൽക്കുന്നത് 28ാം തവണയാണ്. ഇതോടെ ആദ്യം ബാറ്റ് ചെയ്ത് 300ലധികം റൺസ് നേടിയിട്ടും ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന ടീമെന്ന റെക്കോഡ് ഇംഗ്ലണ്ടിന്‍റെ പേരിലായി. ഏകദിനത്തിൽ ഇതുവരെ 99 തവണയാണ് ഇംഗ്ലണ്ട് 300ലധികം റൺസ് നേടിയത്. നേരത്തെ, 27 തോൽവികളുമായി ഇന്ത്യക്കൊപ്പമായിരുന്നു. 136 ഏകദിന മത്സരങ്ങളിൽ ഇന്ത്യ 300ലധികം റൺസ് നേടിയപ്പോൾ, ഇതിൽ 27 മത്സരങ്ങളിൽ പരാജയപ്പെട്ടു.
23 തോൽവികളുമായി വെസ്റ്റിൻഡീസും 19 തോൽവികളുമായി ശ്രീലങ്കയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയാണ് കട്ടക്കിൽ ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇംഗ്ലണ്ട് കുറിച്ച 305 റൺസ് വിജയലക്ഷ്യം 33 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. സ്കോർ: ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ്. മോശം പ്രകടനത്തിന്‍റെ പേരിൽ തന്നെ വിമർശിച്ചവർക്ക് ബാറ്റുകൊണ്ടാണ് രോഹിത് മറുപടി നൽകിയത്. 90 പന്തിൽ 119 റൺസെടുത്താണ് രോഹിത് പുറത്തായത്.
ഏഴു സിക്സും 12 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ശുഭ്മൻ ഗിൽ 52 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 60 റൺസെടുത്തു. കരിയറിലെ 32ാം സെഞ്ച്വറിയാണ് കട്ടക്കിൽ കുറിച്ചത്. ഇംഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡക്കറ്റും (56 പന്തിൽ 65 റൺസ്) ജോ റൂട്ടും (72 പന്തിൽ 69) അർധ സെഞ്ച്വറി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

