എട്ടു വർഷത്തിനുശേഷം 35കാരൻ സ്പിന്നറെ തിരിച്ചുവിളിച്ച് ഇംഗ്ലണ്ട്; നാലാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു, ഒരുമാറ്റം
text_fieldsമാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ലോർഡ്സ് ടെസ്റ്റ് കളിച്ച ടീമിൽ ഒരു മാറ്റം വരുത്തി.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. 2-1ന് ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്. പരിക്കേറ്റ യുവ സ്പിന്നർ ഷുഐബ് ബഷീറിന് ടീമിൽ ഇടമില്ല. സ്പിൻ ഓൾ റൗണ്ടർ ലിയാം ഡോസനാണ് പകരക്കാരൻ. 35കാരനായ ഡോസൻ എട്ടു വർഷത്തിനുശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2017 ജൂലൈയിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് തന്‍റെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഡോസൻ കളിച്ചത്. കൗണ്ടി ക്രിക്കറ്റിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തിന് സീനിയർ ടീമിലേക്ക് വീണ്ടും വഴിതുറന്നത്.
മൂന്നാം ടെസ്റ്റിനിടെയാണ് ശുഐബ് ബഷീറിന് പരിക്കേറ്റത്. രവീന്ദ്ര ജദേജയുടെ പവർഫുൾ ഡ്രൈവ് തടുക്കാൻ ശ്രമിക്കുന്നതിനിടെ താരത്തിന്‍റെ ഇടതുകൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. വിരലിന് പൊട്ടലേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനായി. പരമ്പരയിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാക് ക്രോളിയെ നാലാം ടെസ്റ്റിലും ഉൾപ്പെടുത്തി. മുൻ താരങ്ങൾ ഉൾപ്പെടെ ക്രോളിയെ വിമർശിച്ച് രംഗത്തുവന്നിരുന്നു.
അതേസമയം, പരമ്പരയിൽ പിറകിലായ ഇന്ത്യക്ക് പ്രമുഖ താരങ്ങളുടെ പരിക്ക് കനത്ത തിരിച്ചടിയായി. കാൽമുട്ടിന് പരിക്കേറ്റ പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഇനി പരമ്പരയിൽ കളിക്കാനാവില്ല. പേസർമാരായ അർഷ്ദീപ് സിങ്ങും ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാര്യത്തിലും ആശങ്ക തുടരുന്നു. പേസർ അൻഷുൽ കംബോജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേസർ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കും. സഹപേസർ മുഹമ്മദ് സിറാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘എനിക്ക് ഇതുവരെ കിട്ടിയ വിവരപ്രകാരം ജസി ഭായ് (ബുംറ) കളിക്കും. പരിക്കുകൾ കാരണം ഓരോ ദിവസം കഴിയും തോറും കോംബിനേഷൻ മാറിക്കൊണ്ടിരിക്കുകയാണ്’-സിറാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

