ഇംഗ്ലീഷ് ബാറ്റിന് തീപിടിച്ചു; റെക്കോഡുകൾ തവിടുപൊടി; അടിച്ചുകൂട്ടിയത് 304 റൺസ്; ഏകദിനമല്ല, ഇത് ട്വന്റി20യാണ്
text_fieldsസെഞ്ച്വറി തികച്ച ഫിൽ സാൾട് സഹതാരത്തിനൊപ്പം
മാഞ്ചസ്റ്റർ: ഓൾഡ് ട്രഫോഡിലെ കളിമുറ്റത്ത് ഒരു തൃശൂർ പൂരം കൊടിയിറങ്ങിയ ഫീലായിരുന്നു കളി കണ്ടവർക്ക്. സ്കോർ ബോർഡിലെ 304 റൺസ് എന്ന് കണ്ടാൽ ഏകദിനമാണെന്ന് സംശയിച്ചേക്കാം. പക്ഷേ, ഇത് 20 ഓവർ മാത്രമുള്ള ട്വന്റി20യാണ്.
ദക്ഷിണാഫ്രികക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 304 റൺസ്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 158ന് പുറത്തായപ്പോൾ ഇംഗ്ലണ്ടിന് സ്വന്തമായത് 146 റൺസിന്റെ തകർപ്പൻ ജയം.
ഇംഗ്ലണ്ടിന്റെ ഒപ്പണർ ഫിൽ സാൾട്ട് ഒറ്റക്കു തന്നെ ഒരു ടീമിന്റെ ടോട്ടൽ പടുത്തുയർത്തി പാഞ്ഞു കയറിയത് ക്രിക്കറ്റ് റെക്കോഡ് പുസ്തകങ്ങളിലെ ഒരു പിടി പേജുകളിലേക്കാണ്. 60 പന്തിൽ 141 റൺസുമായി പുറത്താകാതെ നിന്ന ഫിൽ സാൾട്ട് ഒരു ഇംഗ്ലീഷുകാരന്റെ അതിവേഗ സെഞ്ച്വറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും പടുത്തുയർത്തി. എട്ട് സിക്സും, 15 ബൗണ്ടറിയുമായി തിളക്കമാർന്ന ഇന്നിങ്സിന് കൂട്ടായി ജോസ് ബട്‍ലറും (83) നിലയുറപ്പിച്ചു. ടീം ടോട്ടൽ 126ലെത്തിയ ശേഷം മാത്രമാണ് ഈ കുട്ട് വഴിപിരിഞ്ഞത്. ജേക്കബ് ബിഥെലിന്റെ (26) വിക്കറ്റും കൂടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (41നോട്ടൗട്ട്) അവസാന ഒവറുകളിലും ആഞ്ഞടിച്ചു. സാൾട്ടിന്റെ കരിയറിലെ നാലാം ട്വന്റി20 സെഞ്ച്വറിക്കാണ് ഓൾഡ് ട്രഫോഡ് വേദിയായത്.
18 പന്തിൽ അർധസെഞ്ച്വറി കണ്ടെത്തിയ ബട്‍ലർ 30 പന്തിലാണ് 83 റൺസ് എന്ന മികച്ച സ്കോർ കണ്ടെത്തിയത്.
ട്വന്റി20യിൽ 300ന് മുകളിൽ ടീം ടോട്ടൽ കണ്ടെത്തുന്ന മൂന്നാമത്തെ ടീമായും ഇംഗ്ലണ്ടുകാർ മാറി. നേരത്തെ, സിംബാബ്വെ, നേപ്പാൾ തുടങ്ങിയവർ മാത്രമാണ് 300ന് മുകളിൽ സ്കോർ ചെയ്തത്.
മറികടന്നാൽ പുതു ലോകറെക്കോഡ് എന്ന നിലയിൽ ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് പക്ഷേ, തുടക്കം തന്നെ തിരിച്ചടിയായി മാറി. ഇടവേളയിൽ വിക്കറ്റ് വീണതോടെ ടീം 16.1 ഓവറിൽ 158ന് പുറത്തായി. ക്യാപ്റ്റൻ എയഡ്ൻ മർക്രം (41), റ്യാൻ റികിൾടൻ (20), ട്രിസ്റ്റാൻ സ്റ്റബ്സ് (23), ഡൊണോവൻ ഫെരേര (23), ബ്യോൺ ഫോർടുയിൻ (32) എന്നിവർക്കു മാത്രമേ രണ്ടക്കം കണ്ടെത്താൻ കഴിഞ്ഞുള്ളൂ.
ഇംഗ്ലണ്ടിന്റെ പേസർ ജൊഫ്ര ആർച്ചർ മൂന്നും, സാം കറൻ, ലിയാം ഡോസൺ എന്നിവർ രണ്ട് വിക്കറ്റ്‍ വീതവും വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രികക്കായിരുന്നു ജയം. മൂന്നാം മത്സരം ഞായറാഴ്ച നടക്കും. നേരത്തെ ഏകദിന പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

