കിവീസ് 329; ഇംഗ്ലണ്ട് ആറിന് 229
text_fieldsലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പോരാട്ടം ഒപ്പത്തിനൊപ്പം. ഒന്നാമിന്നിങ്സിൽ 329 റൺസടിച്ച കിവീസിന് മുന്നിൽ തുടക്കത്തിൽ തകർന്ന ആതിഥേയർ പൊരുതിക്കയറുകയാണ്. മുൻനിര തകർന്ന് ആറിന് 55 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട് ആറാം വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ജോണി ബെയർസ്റ്റോയുടെയും (102 നോട്ടൗട്ട്) ജാമി ഓവർട്ടണിന്റെയും (85 നോട്ടൗട്ട്) കരുത്തിലാണ് കരകയറുന്നത്. 42 ഓവറിൽ ആറിന് 229ലെത്തിയിട്ടുണ്ട് ഇംഗ്ലണ്ട്.
ട്രെന്റ് ബോൾട്ടിനുമുന്നിൽ പതറി അലക്സ് ലീസ് (4), സാക് ക്രോളി (6), ഒലി പോപ് (5) എന്നിവർ അതിവേഗം പുറത്തായശേഷം ജോ റൂട്ടിനെ (5) സൗത്തിയും നായകൻ ബെൻ സ്റ്റോക്സിനെയും (18) ബെൻ ഫോക്സിനെയും (0) നീൽ വാഗ്നറും മടക്കിയതോടെയാണ് ഇംഗ്ലണ്ട് തകർന്നത്. പിന്നീടായിരുന്നു ബെയർസ്റ്റോ-ഓവർട്ടൺ ഷോ. നേരത്തേ സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലും (109) അർധ സെഞ്ച്വറി കുറിച്ച ടോം ബ്ലൻഡലുമാണ് (55) കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജാക് ലീച് അഞ്ചു വിക്കറ്റ് വീഴ്ത്തി.

