39-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് വിയോഗം; അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: അപൂർവ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന മുൻ അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം ഷാപൂർ സദ്രാൻ (38) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ കാർന്നുതിന്നുന്ന 'ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്' എന്ന ഗുരുതരമായ അവസ്ഥയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച തൻ്റെ 39-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തിയുള്ള ഈ വിയോഗം. അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഷാപൂർ സദ്രാന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയത്. തുടർന്ന് അഫ്ഗാനിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കൂടുതൽ മികച്ച ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യയിലെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ രോഗശമനം അനുഭവപ്പെടുകയും ആശുപത്രി വിടുകയും ചെയ്തിരുന്നെങ്കിലും ആഴ്ചകൾക്കുള്ളിൽ സ്ഥിതി വീണ്ടും വഷളായി. ഡെങ്കിപ്പനി ബാധിക്കുകയും രക്താണുക്കളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് രോഗം നാലാം ഘട്ടത്തിൽ (Stage 4 HLH) എത്തിയതായി കണ്ടെത്തിയത്.
അഫ്ഗാൻ ക്രിക്കറ്റിൻ്റെ രാജ്യാന്തര വളർച്ചയ്ക്ക് അടിത്തറ പാകിയവരിൽ പ്രധാനിയായ ഈ ഇടംകയ്യൻ മീഡിയം ഫാസ്റ്റ് ബൗളർ, 2009-ൽ നെതർലൻഡ്‌സിനെതിരെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. അഫ്ഗാനിസ്താനായി 44 ഏകദിനങ്ങളും 36 ട്വൻ്റി20 മത്സരങ്ങളും കളിച്ച അദ്ദേഹം രണ്ട് ഫോർമാറ്റുകളിൽ നിന്നുമായി 80 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2015-ലെ ഏകദിന ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെ അഫ്ഗാനിസ്താന് ചരിത്ര വിജയം സമ്മാനിച്ച വിന്നിങ് റൺ നേടിയത് ഷാപൂർ ആയിരുന്നു. പാക് ഇതിഹാസ പേസർ ശുഐബ് അക്തറിനെ മാതൃകയാക്കി വളർന്ന അദ്ദേഹം നീളൻ മുടിയും തീപ്പൊരി ബൗളിങ് ശൈലിയും കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായി മാറി.
അഫ്ഗാൻ ക്രിക്കറ്റിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ സ്മരിച്ചുകൊണ്ട് അഫ്ഗാൻ ക്രിക്കറ്റ് ബോർഡും സഹതാരങ്ങളും കായിക ലോകവും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

