മൂന്ന് വർഷത്തിനുശേഷം കേരള ടീമിൽ; രണ്ടാം ദിനത്തിലെ താരമായി ഏദൻ ആപ്പിൾ ടോം
text_fieldsഏദൻ ആപ്പിൾ ടോം
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ടീം പട്ടികയിൽ വരുൺ നായനാരിന് പകരം ഏദൻ ആപ്പിൾ ടോം എന്ന യുവ പേസറെ ഉൾപ്പെടുത്തുകയും ടോസ് നേടിയപ്പോൾ എതിർ ടീമിനെ പോലും ഞെട്ടിച്ച് ബൗളിങ് തെരഞ്ഞെടുക്കുകയും ചെയ്തപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനത്തെ സംശയിച്ചവരുണ്ടാകാം. പക്ഷേ, അതിനുള്ള ഉത്തരമായിരുന്നു ശക്തരായ വിദർഭയെ ഒന്നര ദിവസത്തിനുള്ളിൽ പൂട്ടിക്കെട്ടിയ കേരളത്തിന്റെ പേസ് പട നൽകിയത്. ആദ്യ ദിനത്തിന്റെ തുടക്കത്തിൽ എം.ഡി. നിതീഷാണ് വിഭർഭയെ പ്രതിരോധത്തിലാക്കിയതെങ്കിൽ രണ്ടാം ദിനം എൻ.പി. ബേസിലിനും ഏദൻ ആപ്പിൾ ടോമിനുമുള്ളതായിരുന്നു.
ബേസിൽ തുടങ്ങിവെച്ച വേട്ട ഏദൻ ഏറ്റെടുത്തതോടെ വിദർഭയുടെ പ്ലാനുകൾ പാളി. ആതിഥേയരുടെ രണ്ട് ബിഗ് വിക്കറ്റുകളാണ് ഏദൻ വീഴ്ത്തിയത്. 933 റണ്ണുമായി വിദർഭയുടെ ടോപ്സ്കോററായ യാഷ് റാത്തോഡിനെ നിലയുറപ്പിക്കും മുമ്പേ തകർപ്പൻ പന്തിൽ മടക്കിയ ഏദൻ, എതിർ ക്യാപ്റ്റൻ അക്ഷയ് വഡ്കറെയും വീഴ്ത്തി. 400ന് മുകളിലേക്ക് ടോട്ടൽ കണ്ടെത്തുക എന്ന വിദർഭയുടെ കണക്കുകൂട്ടലുകളാണ് 19കാരനായ ഏദൻ എറിഞ്ഞുടച്ചത്. മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് 12ാം വയസ്സിൽ ഏദന്റെ പ്രതിഭയെ കണ്ടെത്തുന്നത്. 2022ൽ 16ാം വയസ്സിൽ റെക്കോഡോടെ കേരളത്തിനായി രഞ്ജിയിൽ അരങ്ങേറിയ താരമാണ് പത്തനംതിട്ട സ്വദേശിയായ ഏദൻ ആപ്പിൾ ടോം.
മേഘാലയക്കെതിരെ അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റ് വീഴ്ത്തിയ താരം, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരളതാരമായി. ആ മത്സരത്തിൽ രണ്ടിന്നിങ്സിലുമായി ആറു വിക്കറ്റും അടുത്ത മത്സത്തിൽ ഒരു വിക്കറ്റും വീഴ്ത്തിയ താരം പിന്നീട് പരിക്കിന്റെ പിടിയിലായി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്കേറ്റ പരിക്കിന് സമാനമായിരുന്നു ഏദന്റെ പരിക്കും. ബുംറയുടെ ഡോക്ടർതന്നെയായിരുന്നു ഏദനും ചികിത്സ നൽകിയത്. ഇതോടെ പരിക്കുമാറി തിരിച്ചെത്തിയ താരം കേരളത്തിനായി ജൂനിയർ ടീമിൽ കളിച്ചു. മൂന്ന് വർഷത്തെ ഇടവേളക്കുശേഷം രഞ്ജി ഫൈനലിൽ വീണ്ടും സീനിയർ ടീമിൽ തിരിച്ചെത്തിയ ഏദൻ മൂന്നുവിക്കറ്റോടെ രണ്ടാം ദിനത്തിലെ താരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

