ഡഫ് ക്രിക്കറ്റ് ട്വന്റി 20: അഭിമാനതാരങ്ങളായി മലയാളികൾ
text_fieldsഇന്ത്യ നേപ്പാൾ ഡഫ് ക്രിക്കറ്റ് ട്വന്റി 20 ക്രിക്കറ്റ് സീരീസിൽ വിജയിച്ച ഇന്ത്യൻ ടീമിലെ മലയാളി പ്രതിഭകൾ
പരപ്പനങ്ങാടി: ചണ്ഡീഗഡിൽ വ്യാഴാഴ്ച സമാപിച്ച ഇന്ത്യ-നേപ്പാൾ ഡഫ് ക്രിക്കറ്റ് ട്വന്റി 20 സീരീസിൽ അഭിമാനതാരങ്ങളായി മലയാളികൾ. മത്സരങ്ങളിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ അഭിമാനജയമാണ് സ്വന്തമാക്കിയത്. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഷിൻ, തിരൂർ സ്വദേശി രാമകൃഷ്ണൻ, കൊല്ലം സ്വദേശി ആർ. സിബി എന്നിവരാണ് പരിമിതികൾ മറികടന്ന് രാജ്യത്തിനായി കളിക്കാനിറങ്ങിയത്. പരപ്പനങ്ങാടി പോസ്റ്റോഫിസിൽ നേരത്തെ ഇ.ഡി ഡെലിവറി ഏജന്റായിരുന്ന മുസ്തഫയുടെ മകനാണ് മുഹമ്മദ് റഷിൻ.
പിതാവിന് ലഭിച്ചിരുന്ന നാമമാത്ര വേതനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നതിനിടെ ബധിരനും ഊമയുമായ മകൻ മുഹമ്മദ് റഷിൻ പഠനത്തോടൊപ്പം മാർബിൾ പതിക്കുന്ന തൊഴിലെടുത്താണ് പഠനം പൂർത്തിയാക്കിയത്. ഇടവേളകളിൽ നാട്ടിലെ കളിക്കളങ്ങളിൽ ക്രിക്കറ്റ് പന്തെറിഞ്ഞ പരിചയം ഈ ഭിന്ന ശേഷിക്കാരന്റെ കഴിവിനെ ദേശീയ തലത്തിലേക്കുയർത്തി .
ഓൾ ഇന്ത്യ സ്പോട്സ് കൗൺസിൽ ഓഫ് ദ ഡഫിന്റെ നേതൃത്വത്തിൽ നടന്ന അന്തർ ദേശീയ ക്രിക്കറ്റ് മത്സരത്തിലാണ് ആൾറൗണ്ടറായ റാഷിൻ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്. സമാന കളിക്കാരനായ തിരൂർ ബിപി അങ്ങാടി സ്വദേശി രാമകൃഷ്ണനും മറ്റൊരു മലയാളി കളിക്കാരനായ കൊല്ലം സ്വദേശി ആർ. സിബിയും രാജ്യാന്തര മത്സര വിജയത്തിൽ മലയാളക്കരയുടെ അഭിമാനമുയർത്തി. ഭിന്ന ശേഷിയുടെ കരുത്തിൽ രാജ്യത്തിന് അഭിമാനമായി മാറിയ താരങ്ങളെ പരപ്പനങ്ങാടി ആദരിക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

