'അർബുദമാണെന്ന് അറിഞ്ഞത് രണ്ടുമാസം മുൻപ്, പന്ത് കൈയിലെടുക്കുമ്പോഴെല്ലാം അവളുടെ മുഖമാണ് ഓർമവരുന്നത്'; ആകാശ് ദീപ്; എന്നെക്കുറിച്ച് ചിന്തിക്കാതെ നന്നായി കളിക്കൂവെന്ന് അഖണ്ഡ് ജ്യോതി
text_fieldsആകാശ് ദീപും സഹോദരി അഖണ്ഡ് ജ്യോതി സിങ്ങും
ബിർമിങ്ഹാം: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ ജയം അർബുദബാധിതയായ സഹോദരിക്ക് സമർപ്പിച്ച് ഇന്ത്യൻ പേസർ ആകാശ് ദീപ്. മത്സരശേഷമാണ് ഇരുപത്തെട്ടുകാരനായ പേസർ തന്റെ സഹോദരി ചികിത്സയിലണെന്ന വിവരം വെളിപ്പെടുത്തിയത്. കൈയിൽ പന്തു കിട്ടുമ്പോഴെല്ലാം അവളുടെ ചിന്തകൾ മനസ്സിലേക്ക് കടന്നുവരുമെന്ന് ആകാശ് പറഞ്ഞു. ‘ഞാൻ ആരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, രണ്ടു മാസം മുമ്പാണ് സഹോദരിക്ക് അർബുദമാണെന്ന് കണ്ടെത്തുന്നത്.
എന്റെ പ്രകടനത്തിൽ അവൾ വളരെ സന്തോഷവതിയായിരിക്കും. അവളുടെ മുഖത്ത് പുഞ്ചിരി വിടർത്തും’ -ആകാശ് പറഞ്ഞു. ‘പന്ത് കൈയിലെടുക്കുമ്പോഴെല്ലാം അവളുടെ മുഖവും ചിന്തയുമാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഈ പ്രകടനം അവൾക്കു സമർപ്പിക്കുന്നു. പ്രിയ സഹോദരി, ഞങ്ങൾ എല്ലാവരും നിന്റെ കൂടെയുണ്ട്’ -താരം നിറകണ്ണുകളോടെ പറഞ്ഞു.
ജോലി ഭാരം കുറക്കുന്നതിന്റെ ഭാഗമായി ജസ്പ്രീത് ബുംറക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയതോടെയാണ് ആകാശിന് കളിക്കാനുള്ള അവസരം ലഭിച്ചത്. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റും വീഴ്ത്തി.
ആകാശിനെക്കുറിച്ച് സഹോദരിയുടെ വാക്കുകൾ
ആകാശ് ദീപ് നടത്തിയ പ്രകടനത്തെക്കുറിച്ച് വികാരാധിനയായി സഹോദരി അഖണ്ഡ് ജ്യോതി സിങ്. ആകാശ് വിക്കറ്റെടുക്കുമ്പോഴെല്ലാം താൻ സന്തോഷിക്കുകയാണെന്നും വീട്ടിലുള്ളവരെല്ലാം ഉച്ചത്തിൽ ആഘോഷിക്കുകയാണെന്നും 'ആജ്തക്' ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അർബുദം മൂന്നാംഘട്ടത്തിലാണെന്ന് വെളിപ്പെടുത്തിയ ഇവർ, ആറു മാസത്തെക്കൂടി ചികിത്സ ബാക്കിയുണ്ടെന്നും അതിനു ശേഷം ആകാശിനെ കാണുമെന്നും വ്യക്തമാക്കി. ബിഹാറിലെ സസാറാമാണ് താരത്തിന്റെ സ്വദേശം.
''ആകാശ് 10 വിക്കറ്റെടുത്തു. ഇതു രാജ്യത്തിന് അഭിമാനമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഞാൻ അവനെ കാണാൻ എയർപോർട്ടിൽ പോയിരുന്നു. ഞാൻ ഏറെ ഉഷാറായിരിക്കുന്നുവെന്നും എന്നെപ്പറ്റിയോർത്ത് വിഷമിക്കാതെ രാജ്യത്തിനുവേണ്ടി നന്നായി കളിക്കൂവെന്നും ആകാശിനോട് പറഞ്ഞു''-അഖണ്ഡ് തുടർന്നു. അർബുദബാധിതയായ സഹോദരിക്ക് ജയം സമർപ്പിക്കുന്നെന്ന താരത്തിന്റെ വാക്കുകളോടും ഇവർ പ്രതികരിച്ചു. ''ആകാശ് അങ്ങനെ എന്തെങ്കിലും പറയുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരുപക്ഷേ, ഞങ്ങൾ അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ തയാറായിരുന്നില്ലായിരിക്കാം. പക്ഷേ, അവൻ വികാരാധീനനായി അത് എനിക്കു വേണ്ടി സമർപ്പിച്ചത് വലിയ കാര്യമാണ്. അദ്ദേഹം ഞങ്ങളുടെ കുടുംബത്തെയും എന്നെയും എത്രമാത്രം സ്നേഹിക്കുന്നെന്ന് ഇതു കാണിക്കുന്നു''-അഖണ്ഡ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

