പാനിപൂരി വിറ്റ പയ്യൻ ഐ.പി.എല്ലിൽ റൺപൂരമൊരുക്കുന്നു; യശസ്വി ജയ്സ്വാളിന്റെ കുട്ടിക്കാലം പങ്കുവെച്ച് സമൂഹ മാധ്യമങ്ങൾ
text_fieldsഒരുവശത്ത് സമൂഹ മാധ്യമങ്ങളിൽ പഴങ്കഥകൾ പറന്നുനടക്കുമ്പോഴും യശസ്വി ജയ്സ്വാൾ എന്ന മിടുക്കൻ ബാറ്റർ എല്ലാം മറന്ന് റൺപൂരം തീർക്കുന്ന തിരക്കിലാണ് ഐ.പി.എല്ലിൽ. ആസാദ് മൈതാനിൽ പാനി പൂരി വിറ്റുനടന്ന പയ്യനെ ചുറ്റിപ്പറ്റിയാണ് കഥകൾ. എന്നാൽ, അവനിപ്പോൾ മൈതാനങ്ങളിൽ ബാറ്റുപിടിച്ച് നടത്തുന്ന മായിക പ്രകടനങ്ങളാണ് മാലോകരെ ശരിക്കും കൊതിപ്പിക്കുന്നത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം മുംബൈക്കെതിരെയായിരുന്നു രാജസ്ഥാൻ റോയൽസിനായി താരത്തിന്റെ അദ്ഭുത ഇന്നിങ്സ്. 62 പന്ത് നേരിട്ട ജയ്സ്വാൾ കുറിച്ചത് 124 റൺസ്. സെഞ്ച്വറി കടക്കാൻ എടുത്തത് 53 പന്ത്. രാജസ്ഥാനെ വലിയ ഉയരങ്ങളിൽ നിർത്തുന്നതിൽ ജയ്സ്വാളുടെ വലിയ സാന്നിധ്യം നിർണായകമാണെന്നതിന് അവസാന സാക്ഷ്യം.
എന്നാൽ, താരം പാനിപൂരി വിറ്റുനടന്ന പയ്യനെ കുറിച്ച് കോച്ച് ജ്വാല ചിലത് തുറന്നുപറയുന്നുണ്ട്. 2013ൽ കുട്ടിത്തം വിടാത്ത പ്രായത്തിൽ ക്രിക്കറ്റ് കളിക്കാൻ ജയ്സ്വാളിനെ കൂട്ടുന്നതും പിന്നീട് കഠിനാധ്വാനം കൊണ്ട് ലോകങ്ങൾ കീഴടക്കിയതും അതിൽ ചിലതാണ്. ‘‘(പാനിപൂരി വിൽപന) കഥ എനിക്കിഷ്ടമല്ല. ഇപ്പോഴും അവൻ ക്രിക്കറ്റ് കളിക്കുന്നത് കഠിനാധ്വാനം കൊണ്ടാണ്’’- ജ്വാല പറയുന്നു. ‘ആസാദ് മൈതാനിൽ നിരവധി പേർ സ്റ്റാളുകളിട്ടിരുന്നു. വൈകുന്നേരങ്ങളിൽ ഒഴിവു ലഭിക്കുമ്പോൾ അവനും അവർക്ക് സഹായിയായി പോകും. സ്വന്തമായി അവൻ സ്റ്റാൾ ഇട്ടിട്ടില്ല. പാനിപൂരി വിറ്റ് ഇന്ത്യൻ താരമായി എന്നതല്ല ശരി’’- അദ്ദേഹം തുടരുന്നു. 2013നു ശേഷം ദാരിദ്ര്യം അവന്റെ കരിയറിന്റെ ഭാഗമായിട്ടില്ലെന്നും അതിനു മുമ്പാണ് വല്ലതും ഉണ്ടായതെന്നുമാണ് ജ്വലയുടെ പക്ഷം. ഇത്തരം കഥകൾ ജയ്സ്വാളിന് വിഷമമുണ്ടാക്കുന്നതായും അദ്ദേഹം പറയുന്നു.
താരവും കോച്ചും ഇഷ്ടം കാണിച്ചാലും ഇഷ്ടക്കേട് പറഞ്ഞാലും സമൂഹ മാധ്യമങ്ങളിൽ ജയ്സ്വാൾ എന്ന പഴയകാല പയ്യൻ പാനി പൂരി വിൽക്കുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. അവിടെനിന്ന് അതിവേഗം പടർന്നുകയറി ഇന്ത്യൻ ടീമിൽ ടീമിൽ ഇടമുറപ്പിച്ചതിന്റെ ആഘോഷവുമുണ്ട്.
അണ്ടർ 19 മുതൽ മികച്ച പ്രകടനവുമായി നിറഞ്ഞുനിൽക്കുന്ന ജയ്സ്വാൾ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

